കൊച്ചി: സ്ഫോടനം നടത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കായി പ്രതി ഡൊമിനിക്ക് മാർട്ടിന് ആകെ ചിലവായത് 3,000 രൂപ മാത്രമെന്ന് മൊഴി. ഐഇഡിയും ഗുണ്ടും പെട്രോളുമാണ് സ്ഫോടനത്തിനായി ശേഖരിക്കേണ്ടി വന്നത്. സ്ഫോടനം നടക്കുമ്പോൾ ഡൊമിനിക്കിന്റെ ഭാര്യാമാതാവും കൺവൻഷൻ സെൻ്ററിൽ ഉണ്ടായിരുന്നതായും ഡൊമിനിക്ക് പോലീസിനോട് പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പെട്രോളും ഐഇഡിക്കായുള്ള സാമഗ്രികളും വാങ്ങിയതെന്ന് ഡൊമിനിക്ക് പോലീസിനോട് വെളിപ്പെടുത്തി.
പ്രതി മാർട്ടിന്റെ ഉടമസ്ഥതയിലുള്ള അത്താണിയിലെ ഫ്ലാറ്റിൽ ഞായറാഴ്ച വൈകിട്ട് സിറ്റി പോലീസ് പരിശോധന നടത്തിയിരുന്നു. സമീപത്തെ താമസക്കാരിൽ നിന്നും പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. ഫ്ലാറ്റിന് പോലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിൽ എൻഎസ്ജി സംഘം പരിശോധന നടത്തി. രാവിലെ എട്ടരയോടെയാണ് സംഘം സംഭവസ്ഥലത്ത് എത്തിയത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സർവ്വകക്ഷിയോഗം സെക്രട്ടറിയേറ്റിൽ ആരംഭിച്ചു. വിവിധ കക്ഷി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ബിജെപിക്ക് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറാണ് എത്തിയത്.
കൃത്യം നടത്തിയതും ബോംബ് നിർമ്മിച്ചതും ഒറ്റയ്‌ക്കാണെന്നാണ് പ്രതിയുടെ മൊഴി. സ്‌ഫോടനം നടത്തിയ ശേഷം ഇയാൾ കൊരട്ടിയിലുള്ള മിറാക്കിൾ റെസിഡൻസിയിൽ എത്തി. 10.45ഓടെ ഇവിടെ വന്ന പ്രതി ഉടൻ തന്നെ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിൽ ഇതുവരെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. നാല് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്ന് പോലീസ് അറിയിച്ചു.