ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്‌ലോട്ട് ചോദ്യം ചെയ്യലിനായി എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി. വിദേശ നാണയവിനിമ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. 1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് നോട്ടീസ് നൽകിയത്.
കഴിഞ്ഞ ഓഗസ്റ്റിൽ, രാജസ്ഥാൻ ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്രൈറ്റൺ ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയിരുന്നു. ഈ കമ്പനിയുടെ ഡയറക്ടറായ രത്തൻ കാന്ത് ശർമ്മയുടെ ബിസിനസ് പങ്കാളിയാണ് വൈഭവ് ഗെഹ്‌ലോട്ട്. ഇതുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് കേസിലാണ് ഇഡിയുടെ നടപടി.
അതേസമയം രാജസ്ഥാനിൽ പരീക്ഷാപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ ഉൾപ്പെട്ട രാജസ്ഥാൻ കോൺഗ്രസ് അദ്ധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്രയുടെയും മഹുവ നിയമസഭാ സീറ്റിലെ പാർട്ടി സ്ഥാനാർത്ഥിയുടെയും ഇടങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു.















