മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസറായ സമീറാണ് വിജിലൻസ് പിടിയിലായത്. കൈവശവകാശ രേഖ നൽകുന്നതിനായി വഴിക്കടവ് സ്വദേശിയോട് ആദ്യം 1000 രൂപയാണ് സമീർ വാങ്ങിയത്. വീണ്ടും പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിച്ചത്.
തുടർന്ന് പരാതിക്കാരൻ വിവരം വിജിലൻസ് സംഘത്തെ അറിയിക്കുകയായിരുന്നു. വിജിലൻസ് ഇൻസ്‌പെക്ടർ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് ഇന്ന് വിജിലൻസ് സംഘം വഴിക്കടവ് വില്ലേജ് ഓഫീസിൽ എത്തിയത്. എന്നാൽ വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തുള്ളത് അറിയാതെ വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുകയായിരുന്നു. പിന്നാലെ വില്ലേജ് ഓഫീസറുടെ മുറിയിൽ കയറിയ വിജിലൻസ് ഉദ്യോഗസ്ഥർ സമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.