തിരുവനന്തപുരം: ഫുട്ബോള്‍ കളിക്കുന്നതിനിടയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാളുടെ കഴുത്തിന് കുത്തേറ്റു. കളിക്കുന്നതിനിടയിലെ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് പോകുകയായിരുന്നു. പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് പൊട്ടിയ ബിയർ കുപ്പികൊണ്ട് കുത്തേറ്റത്.
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ കഠിനംകുളം പോലീസ് കേസെടുത്തു.
പെരുമാതുറ മുതലപ്പൊഴി ബീച്ചില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് സമീപത്ത് കിടന്നിരുന്ന ബിയര്‍ കുപ്പി പൊട്ടിച്ച് പ്ലസ് വൺ വിദ്യാര്‍ത്ഥിയെ കുത്തുകയായിരുന്നു പത്താം ക്ലാസുകാരൻ. ഗുരുതര പരിക്കുള്ളതിനാല്‍ വിദ്യാർത്ഥിക്ക് ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.