ടെല്‍ അവീവ്: ഇസ്രായേലുമായുള്ള യുദ്ധത്തിന് പിന്നാലെ ബന്ദികളാക്കപ്പെട്ട 3 യുവതികളുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. തടവുകാരെ മോചിപ്പിക്കുന്നത് സാധ്യമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്. എന്നാൽ ഹമാസിന്റേത് അങ്ങേയറ്റം ക്രൂരവും നീചവുമായ നീക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. ബന്ദികളാക്കപ്പെട്ട എല്ലാവരേയും സുരക്ഷിതരായി വീടുകളിൽ തിരികെ എത്തിക്കും. തന്റെ ഹൃദയം എന്നും ബന്ദികളാക്കപ്പെട്ടവരോടൊപ്പമായിരിക്കുമെന്ന് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നെതന്യാഹു പറഞ്ഞു.
230ഓളം പേരെയാണ് ഹമാസ് തടവിലാക്കിയിരിക്കുന്നത്. നെതന്യാഹുവിനും അയാളുടെ സർക്കാരിനുമുള്ള സന്ദേശമാണിതെന്ന് പറഞ്ഞു കൊണ്ടാണ് 76 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഹമാസ് പുറത്ത് വിട്ടത്. യെലേന ട്രുപനോവ്, ഡാനിയേൽ അലോനി, റിമോൺ കിർറ്റ് എന്നിവരാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ഇസ്രായേൽ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ഒരാൾ മാത്രമാണ് സംസാരിക്കുന്നത്. വീഡിയോയുടെ അവസാനം ഇവർ വലിയ ഉച്ചത്തിൽ കരയുന്നതും കേൾക്കാം. എന്നാൽ ഇവർ ഇവിടെയാണെന്നോ, ബന്ദികളാക്കപ്പെട്ട മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളോ വീഡിയോയിൽ പറയുന്നില്ല.
ഇതിനിടെ ഖത്തറിന്റേയും അമേരിക്കയുടേയും മധ്യസ്ഥതയിൽ രണ്ട് യുഎസ് പൗരന്മാർ ഉൾപ്പെടെ നാല് പേരെ കഴിഞ്ഞ ആഴ്ച മോചിപ്പിച്ചിരുന്നു. കിബ്ബട്ട്‌സിൽ നിന്നുള്ളവരാണ് ബന്ദികളാക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും. ഹമാസ് ബന്ദികളാക്കിയ എല്ലാവരേയും തിരികെ സുരക്ഷിതരായി രാജ്യത്തേക്ക് മടക്കി എത്തിക്കുക എന്നതിനാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് സർക്കാർ അറിയിച്ചു. ഹമാസിന്റെ ഭൂഗർഭ തുരങ്കങ്ങളിലാണ് ഇവരെ ബന്ദികളാക്കി വച്ചിരിക്കുന്നതെന്ന വിവരവും പുറത്ത് വരുന്നുണ്ട്.















