എറണാകുളം: മൂന്നു പേരെ ദാരുണമായി കൊലപ്പെടുത്തിയ കളമശേരി സ്‌ഫോടന കേസ് പ്രതി മാര്‍ട്ടിന്‍ വിദേശത്ത് നിന്ന് ബോംബ് നിര്‍മാണത്തെക്കുറിച്ച് പഠിച്ചിരുന്നതായി സൂചന. ഇക്കാര്യം സ്ഥിരീകരിക്കുന്ന നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതായി വിവരം. സ്ഥിരീകരണമില്ലാത്ത സാഹചര്യമായതിനാല്‍ പോലീസ് ഇത് വ്യക്തമാക്കാന്‍ തയാറായിട്ടില്ല. ദുബായില്‍ 18 വര്‍ഷത്തോളം നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിച്ച പ്രതിയുടെ പ്രവാസ ജീവിതവും ഏറെ ദുരൂഹമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ബോംബ് നിര്‍മ്മാണത്തിന് പുറത്ത് നിന്ന് സഹായം ലഭിച്ചിരുന്നോ എന്ന കാര്യമാണ് എന്‍.ഐ.എ., എന്‍.എസ്.ജി., ഇന്റലിജന്‍സ് ബ്യൂറോ, കേരള പോലീസ് തുടങ്ങിയ അന്വേഷണ സംഘങ്ങള്‍ പരിശോധിക്കുന്നത്. തനിച്ചാണ് ആസൂത്രണവും കൃത്യവും നടത്തിയതെന്ന് മാര്‍ട്ടിന്‍ ആണയിടുമ്പോഴും ആക്രമണത്തിന് പിന്നില്‍ ഒന്നിലേറെ ആളുകളോ മറ്റോ ഉണ്ടെന്ന സംശയം അന്വേഷണ സംഘങ്ങള്‍ക്ക് ബലപ്പെട്ടു. മാര്‍ട്ടിനോട് അടുപ്പമുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇയാളുടെ സോഷ്യല്‍ മീഡയയിലെ അക്കൗണ്ടുകളും പോലീസ് നിരീക്ഷിച്ചിട്ടുണ്ട്.
ബന്ധുക്കള്‍, സുഹൃത്തുക്കള്‍, യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടവര്‍ എന്നിവരുടെ വിശദമായ മൊഴി എടുക്കും. അതേസമയം, ഡൊമിനിക്കിന്റെ മൊബൈല്‍ ഫോണ്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ബോംബ് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു.
സ്‌ഫോടനംനടത്താന്‍ തൃപ്പൂണിത്തുറയില്‍നിന്നാണ് മാര്‍ട്ടിന്‍ 50 ഓളം ഗുണ്ടുകള്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍. ബോംബ് പൊട്ടുമ്പോള്‍ തീ ആളിക്കത്താന്‍ എട്ടുലിറ്റര്‍ പെട്രോള്‍ വാങ്ങിയതിന്റെ ബില്ലും മാര്‍ട്ടിന്റെ കൈവശം കണ്ടെത്തി. ഏഴുതവണയായാണ് പെട്രോള്‍ വാങ്ങിയതെന്നാണ് അന്വേഷണസംഘത്തോട് പറഞ്ഞത്. പ്രതിയുടെ ആസൂത്രണം ചെയ്തതുപോലെ അധിക സ്‌ഫോടനങ്ങള്‍ നടക്കാതിരുന്നതാണ് ആക്രമണത്തിന്റെ തീവ്രത കുറയാൻ കാരണം.















