മലപ്പുറം: ഹമാസ് ഭീകര നേതാവിന്റെ പ്രസംഗം ഉൾപ്പെടുത്തി മലപ്പുറത്ത് പൊതുപരിപാടി സംഘടിപ്പിച്ച സോളിഡാരിറ്റിയുടെ പ്രവർത്തനം നിരീക്ഷിച്ച് ഇന്റലിജൻസ് ബ്യൂറോ.
സംഘടനയുടെ സാമ്പത്തിക ഇടപാടുകളും സാമൂഹ്യമാദ്ധ്യമങ്ങളും ഐബിയുടെ കർശന നിരീക്ഷണത്തിലാണെന്നാണ് സൂചന.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തിയ പരിപാടിയിൽ ഹമാസ് മുൻ മേധാവി ഖാലിദ് മഷാലിന്റെ പ്രസംഗം പ്രദർശിപ്പിച്ചത്. ഹമാസിനെ അനുകൂലിച്ച് നടത്തിയ പരിപാടി സംഘടിപ്പിച്ചത് സയണിസ്റ്റ്, ഹിന്ദുത്വ വംശീയതയ്‌ക്കെതിരെ യുവജന പ്രതിരോധ റാലി എന്ന പേരിലായിരുന്നു.
പാലസ്തീൻ ഐക്യദാർഢ്യമെന്ന പേരിൽ ഹമാസിന്റെ തീവ്ര നിലപാടുകൾ സംസ്ഥാനത്ത് പ്രചരിപ്പിക്കാനുള്ള സോളിഡാരിറ്റിയുടെ ശ്രമമായാണ് രഹസ്യാന്വേഷണ ഏജൻസികൾ ഇതിനെ വിലയിരുത്തുന്നത്. രാഷ്‌ട്രത്തിന്റെ പൊതുനിലപാടിന് വിരുദ്ധമായി ഭീകരസംഘടനയുടെ നേതാവിനെ കേരളത്തിൽ അവതരിപ്പിച്ച് രാജ്യവിരുദ്ധ മനോഭാവം വളർത്തിയെടുക്കാനാണ് സംഘടന ശ്രമിക്കുന്നത്.
ഭീകര സംഘടനയായ ഹമാസിന്റെ നേതാവായ ഇസ്മയിൽ ഹനിയ തൽസമയം പരിപാടിയിൽ കൊണ്ടുവരാനായിരുന്നു സോളിഡാരിറ്റി ആദ്യം പദ്ധതിയിട്ടത്. എന്നാൽ അവസാന നിമിഷം ചില കാരണങ്ങൾ കൊണ്ട് നടന്നില്ല. തുടർന്നാണ് ഖാലിദ് മഷാലിന്റെ മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗം പ്രദർശിപ്പിച്ചത്. ഹമാസ് അനുകൂല പരിപാടി സംബന്ധിച്ച് ഐബിക്ക് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുൻകൂട്ടി തന്നെ വിവരം ലഭ്യമാക്കിയിരുന്നു. തുടർന്ന് പരിപാടി പൂർണ്ണമായും ഇന്റലിജൻസ് വിഭാഗത്തിന്റെ രഹസ്യ നീരിക്ഷണത്തിലായിരുന്നു. ഡിജിറ്റൽ തെളിവുകൾ അടക്കം ഐബി ശേഖരിച്ചിട്ടുണ്ട്.
പിഎഫ്‌ഐ നിരോധനത്തിന് ശേഷമാണ് സോളിഡാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായത്. ഇതേ കാരണം കൊണ്ടു തന്നെ ജമാ അത്തെ ഇസ്ലാമിയേയും യൂത്ത് വിംഗായ സോളിഡാരിറ്റിയേയും എൻഐഎ നിരീക്ഷിച്ച് വരികയാണ്. ജമാ അത്തെ ഇസ്ലാമിയുടെ അംഗങ്ങൾ തന്നെയാണ് പിഎഫ്‌ഐയിൽ പ്രവർത്തിച്ചത്. പിഎഫ്‌ഐ നിരോധനത്തെ ശേഷം ഇവർ വീണ്ടും ജമാ അത്തെ ഇസ്ലാമിയിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.