തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ കഴിഞ്ഞ ദിവസം രാത്രി നാടൻ ബോംബ് എറിഞ്ഞ സംഘത്തിലെ മൂന്ന് പേർ കസ്റ്റഡിയിൽ. ഇവർ നിരവധി കേസുകളിലെ പ്രതികളാണ്. പ്രതികൾ എന്തിനാണ് ഇത്തരത്തിൽ ആക്രമണം നടത്തിയതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.
പ്രദേശത്ത് ലഹരി വസ്തുക്കൾ വിൽപന നടത്തുന്നവരാണ് യുവാക്കൾ. മയക്കുമരുന്ന് ലോബിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ഥലത്ത് തർക്കമുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
പെരുമാതുറ മാടൻവിളയിലെ ജംഗ്ഷനിൽ നിന്നവർക്ക് നേരെയും, വീടുകൾക്ക് നേരയുമാണ് കഴിഞ്ഞ ദിവസം രാത്രി ബോംബ് എറിഞ്ഞത്. നാലിടങ്ങളിലായാണ് ബോംബ്പൊട്ടിയത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസെെൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ഇവർ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഭീഷണി മുഴക്കുകയും ഒരു കാറിന്റെ ഗ്ലാസ് പൊട്ടിക്കുകയും ചെയ്തിരുന്നു. മൂന്നു വീടുകളുടെ ചില്ലുകൾ ബോംബേറിൽ തകർന്നു.