കോട്ടയം: മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം രാവിലെ 10:30-ഓടെയാണ് സംഭവം നടന്നത്. നാലംഗ സംഘം സഞ്ചരിച്ച കാറാണ് തീപിടിച്ച് പൂർണമായി കത്തി നശിച്ചത്.
വൈദികനും കുടുംബവും സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. കാറിൽ നിന്നും തീയും പുകയും ഉയരുകയായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റു വാഹന യാത്രികരാണ് കുടുംബത്തെ വിവരം അറിയിച്ചത്. ഇതോടെ നാലംഗ സംഘം കാറിൽ നിന്നും പെട്ടന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ വലിയ ശബ്ദത്തോടെ കാറിൽ തീ പടരുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്നുമുള്ള അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. കാറിന് തീപിടിച്ചതിനു പിന്നിലുള്ള കാരണങ്ങൾ കണ്ടെത്താൻ വിശദമായ പരിശോധന ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.