ന്യൂഡൽഹി: ആഘോഷവേളകളിൽ ഏറെ തിരക്കാണ് പൊതുവേ അനുഭവപ്പെടുന്നത്. പൊതുഗതാഗതങ്ങളിലും ഈ തിരക്ക് പ്രകടമാകാറുണ്ട്. തിക്കും തിരക്കും ഒഴിവാക്കാൻ അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. തിരക്ക് കണക്കിലെടുത്ത് പട്‌ന-ന്യൂഡൽഹി വന്ദേ ഭാരത് ട്രെയിൻ ആറ് സ്റ്റോപ്പുകളിൽ നിർത്തുമെന്ന് നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക്ക് റിലേഷൻസ് ഓഫീസർ ദീപക് കുമാർ വ്യക്തമാക്കി.
സ്‌പെഷ്യൽ ട്രെയിനുകളും ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. ഇതുവരെ 52 പ്രത്യേക ട്രെയിനുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. 522 ട്രിപ്പുകൾ സ്പെഷ്യൽ ട്രെയിനുകൾ നടത്തും. ഏകദേശം 18 ലക്ഷം സീറ്റുകൾ നൽകാനാണ് നോർത്തേൺ റെയിൽവേയുടെ ശ്രമം.
കാൺപൂർ സെൻട്രൽ, പ്രയാഗ്രാജ് ജംഗ്ഷൻ, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ, ബക്സർ, ആരാഹ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ട്രെയിനിന് സ്‌റ്റോപ്പുണ്ടാകും. ട്രെയിൻ നമ്പർ 02252 – ന്യൂഡൽഹിയിൽ നിന്ന് പട്ന ജംഗ്ഷനിലേക്ക് രാവിലെ 7.25-ന് പുറപ്പെടും. വൈകുന്നേരം ഏഴ് മണിക്ക് പട്നയിലെത്തും. ഈ ട്രെയിൻ നവംബർ 11, 14, 16 തീയതികളിൽ ഓടും. മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 02251 – പട്ന ജംഗ്ഷൻ ന്യൂഡൽഹിയിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ നവംബർ 12, 15, 17 തീയതികളിൽ – പട്ന ജംഗ്ഷനിൽ നിന്ന് രാവിലെ 7 മണിക്ക് പുറപ്പെടും. രാത്രി 7-ന് ന്യൂഡൽഹിയിൽ എത്തിച്ചേരും.