വിദേശത്തേക്ക് ഉല്ലാസ യാത്ര നടത്താൻ ആഗ്രഹിക്കുന്ന ഏതൊരാളും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് വിസ. പലപ്പോഴും വിസ എടുക്കുന്നതിൽ നേരിടുന്ന പ്രശ്‌നങ്ങളാണ് യാത്രകളിൽ നിന്നും വിട്ടുനിൽക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാൽ വിനോദ സഞ്ചാരികളുടെ പറുദീസയായ തായ്‌ലൻഡിലേക്ക് നിങ്ങൾക്ക് വിസ ഇല്ലാതെ പറക്കാം. വിനോദ സഞ്ചാര മേഖലയ്‌ക്ക് പുത്തൻ ഉണർവ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വിസ ഇളവ് തായ്‌ലൻഡ് കൊണ്ടുവന്നിരിക്കുന്നത്.
നവംബർ 10 മുതൽ സഞ്ചാരികൾക്ക് വിസയില്ലാതെ തായ്‌ലൻഡിലേക്ക് പറക്കാം. 2024 മേയ് മാസം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. വിസ ഇളവ് പ്രകാരം ഇന്ത്യക്കാരായ വിനോദ സഞ്ചാരികൾക്ക് ഒരു മാസം വരെ തായ്‌ലൻഡിൽ ചിലവിടാനും സാധിക്കും. കോവിഡിനു ശേഷം തായ്‌ലൻഡിലെ വിനോദസഞ്ചാര മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിൽ നിന്നും ടൂറിസം മേഖലയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തായ്‌ലൻഡ് സർക്കാരിന്റെ ഈ പ്രഖ്യാപനം. ഈ വർഷം 12 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് തായ്‌ലൻഡ് സന്ദർശനം നടത്തിയിട്ടുള്ളത്. മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ തായ്‌ലൻഡിൽ ഏറ്റവും കൂടുതൽ എത്തുന്നത് ഇന്ത്യക്കാരാണ്. അടുത്ത വർഷം 20 ലക്ഷത്തിലധികം ഇന്ത്യൻ വിനോദ സഞ്ചാരികളെയാണ് തായ്‌ലൻഡ് പ്രതീക്ഷിക്കുന്നത്. ടൂറിസത്തിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ട് ശ്രീലങ്കയും ഇന്ത്യക്കാർക്ക് വിസ ഇളവ് നൽകിയിരുന്നു.