ഡൽഹി: ഒരു ജനകീയ പ്രസ്ഥാനമായി ആസാദി കാ അമൃത് മഹോത്സവം മാറി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏകദേശം 1000 ദിനാഘോഷങ്ങൾ പിന്നിട്ടപ്പോൾ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുക, വനിതാ സംവരണ ബിൽ പാസാക്കുക തുടങ്ങിയ നിരവധി നേട്ടങ്ങൾ ഭാരതം കൈവരിച്ചു. ദണ്ഡി യാത്ര ജനങ്ങളെ ഒരുമിപ്പിച്ചത് പോലെ തന്നെ ജനപങ്കാളിത്തത്തിൽ ആസാദി കാ അമൃത് മഹോത്സവം പുതിയ ചരിത്രം സൃഷ്ടിച്ചുവെന്നും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും മേരി മട്ടി മേരാ ദേശ് കാമ്പെയ്നിന്റെയും സമാപനം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2047-ഓടെ ഭാരതത്തെ വികസിത രാജ്യമാക്കുമെന്നുള്ള ദൃഢനിശ്ചയം ആവർത്തിച്ചു പറഞ്ഞ പ്രധാനമന്ത്രി, അതിനായി പ്രവർത്തിക്കാൻ യുവാക്കളോട് ആഹ്വാനവും ചെയ്തു.
‘ഇന്ന് സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തിൽ, ചരിത്രപരമായ ‘മഹായജ്ഞ’ത്തിനാണ് കർത്തവ്യ പഥ് സാക്ഷ്യം വഹിക്കുന്നത്. മഹാത്മാഗാന്ധിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 2021 മാർച്ച് 12-ന് സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവം ഇന്ന് സമാപിക്കുകയാണ്. കൊറോണ മഹാമാരിയെ വിജയകരമായി നേരിടുക, വികസിത ഇന്ത്യക്ക് വേണ്ടിയുള്ള റോഡ്മാപ്പ് തയ്യാറാക്കുക, അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുക, ചന്ദ്രയാൻ-3, ഏഷ്യൻ ഗെയിംസിലും ഏഷ്യൻ പാരാ ഗെയിംസിലും 100 മെഡലുകൾ വീതം നേടുക തുടങ്ങി നിരവധി നേട്ടങ്ങൾ കഴിഞ്ഞ 1,000 ദിവസത്തെ കാലയളവിൽ രാജ്യം കൈവരിച്ചു.
‘പുതിയ പാർലമെന്റ് കെട്ടിടം സാധ്യമാകുകയും വനിതാ സംവരണ ബിൽ പാസാക്കുകയും ചെയ്തു. രാജ്പഥിൽ നിന്ന് കർത്തവ്യ പഥിലേക്കുള്ള യാത്രയും ഞങ്ങൾ പൂർത്തിയാക്കി. അടിമത്തത്തിന്റെ പല ചിഹ്നങ്ങളും ഞങ്ങൾ നീക്കം ചെയ്തു. ആസാദ് ഹിന്ദ് സർക്കാരിന്റെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ കർത്തവ്യ പഥിൽ ഞങ്ങൾ സ്ഥാപിച്ചു. സ്വാതന്ത്ര്യ സമരത്തിൽ ഒരു പ്രദേശവും സമൂഹവും തൊട്ടുതീണ്ടിയിട്ടില്ല. അമൃത് മഹോത്സവം രാജ്യത്തെ എല്ലാവരും അവരുടെ ഉത്സവമാക്കി മാറ്റി. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണം. നമ്മുടെ ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ട്, എല്ലാവരുടെയും സംഭാവന പ്രധാനമാണ്’- നരേന്ദ്രമോദി പറഞ്ഞു.