ലക്നൗ : ജൗഹർ ട്രസ്റ്റ് കൈയ്യടക്കി വച്ചിരിക്കുന്ന 100 കോടി വിലമതിക്കുന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തർപ്രദേശ് സർക്കാർ . സമാജ്വാദി പാർട്ടി നേതാവ് അസംഖാന്റേതാണ് ജൗഹർ ട്രസ്റ്റ്. കോടികൾ വിലമതിക്കുന്ന ഭൂമി വെറും 100 രൂപയ്ക്ക് വാർഷിക പാട്ടത്തിനാണ് എസ് പി സർക്കാർ നൽകിയിരുന്നത് . ഇതാണ് തിരിച്ചു പിടിക്കുന്നത് . മാത്രമല്ല ഇവിടെ അയ്യായിരത്തിലേറെ പേർക്ക് തൊഴിൽ നൽകാൻ കഴിയുന്ന വിധത്തിൽ വ്യവസായ ശാല നിർമ്മിക്കാനാണ് തീരുമാനം .
ഈ തീരുമാനത്തിന് ചൊവ്വാഴ്ച മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വളരെ കുറഞ്ഞ ചെലവിൽ ഈ ഭൂമി ഗ്രാമസമൂഹത്തിന് പറ്റുന്ന വ്യവസായങ്ങൾ സ്ഥാപിക്കാൻ നൽകാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. രാംപൂരിലെ ബിഎസ്എ ഓഫീസിന് സമീപം 4000 കുട്ടികളുള്ള സർക്കാർ സ്കൂൾ ഉണ്ടായിരുന്നു. അസം ഖാൻ ചട്ടങ്ങൾക്ക് വിരുദ്ധമായി സ്കൂൾ ഒഴിപ്പിക്കുകയും അതിന്റെ മുഴുവൻ ഭൂമിയും ജോഹർ ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. എസ്പി സർക്കാർ ഈ ഭൂമിയുടെ പാട്ടം അസം ഖാന്റെ സ്വകാര്യ രാംപൂർ പബ്ലിക് സ്കൂളിന്റെ പേരിലേക്ക് മാറ്റിയും നൽകി.
ജൗഹർ ട്രസ്റ്റിൽ നിന്ന് സ്ഥലവും കെട്ടിടവും തിരിച്ചെടുക്കാനുള്ള നടപടിയാണ് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് . ഈ ഭൂമി വില്ലേജ് സൊസൈറ്റിക്ക് കൈമാറി ഇവിടെ വ്യവസായശാലകൾ സ്ഥാപിക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. യോഗി മന്ത്രിസഭയിലെ ഈ തീരുമാനം ജയിലിൽ കഴിയുന്ന അസം ഖാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.