അബുദാബി: പേര് മാറ്റാനൊരുങ്ങി അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളം. സായിദ് അന്താരാഷ്‌ട്ര വിമാനത്താവളം എന്നായിരിക്കും ഇനി അറിയപ്പെടുക. അടുത്ത വർഷം ഫെബ്രുവരി ഒമ്പത് മുതൽ പുതിയ പേര് യാഥാർത്ഥ്യമാകുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. അന്തരിച്ച മുൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ബഹുമാനാർത്ഥമാണ് അബുദാബി എയർപോർട്ടിന് പുതിയ പേര് നൽകുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുതിയ പേരുമായി ബന്ധപ്പെട്ട് നിർദേശം നൽകി.
അതേസമയം വിമാനത്താവളത്തിലെ പുതിയ ടെർമിനലിന്റെ പ്രവർത്തനം ഇന്ന് മുതൽ ആരംഭിക്കുകയാണ്. എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഇന്നു മുതൽ പുതിയ ടെർമിനലിൽ നിന്നും സർവ്വീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 15 അന്താരാഷ്‌ട്ര വിമാനക്കമ്പനികളും നവംബര്‍ ഒന്ന് മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്ന് സർവ്വീസ് ആരംഭിക്കും. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൊവ്വാഴ്ച പുതിയ ടെർമിനൽ സന്ദർശിച്ചിരുന്നു. അത്യാധുനിക ഫേഷ്യൽ റെക്കഗ്നിഷൻ അടക്കമുള്ള സാങ്കേതികവിദ്യകൾ പുതിയ ടെർമിനലിൽ നടപ്പാക്കും. ഇത്തിഹാദ് എയര്‍വേസ് നവംബര്‍ ഒമ്പതു മുതല്‍ ദിവസവും 16 സര്‍വ്വീസുകൾ പുതിയ ടെർമിനലിൽ നിന്നും നടത്തും. നവംബര്‍ 14 മുതലായിരിക്കും എയര്‍ അറേബ്യ അടക്കമുള്ള 11 എയര്‍ലൈനുകള്‍ തുടങ്ങുക. ഇത്തിഹാദ് എയർവെയ്സും നവംബർ 14 മുതലാണ് പൂർണ്ണതോതിൽ സർവ്വീസ് ആരംഭിക്കുന്നത്.













