അഹമ്മദാബാദ്: ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്ക് തിരിച്ചടിയായി ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്വെലിന്റെ പരിക്ക്. ഗോൾഫ് കോർട്ടിൽനിന്ന് മടങ്ങുന്നതിനിടെ കാൽതെറ്റി വീണായിരുന്നു താരത്തിന്റെ തലയ്‌ക്ക് പരിക്കേറ്റത്. പരിക്കേറ്റ വിവരവും അടുത്ത മത്സരത്തിൽ മാക്‌സ്വെൽ കളിക്കാൻ സാധ്യതയില്ലെന്ന കാര്യവും ടീം മാനേജ്‌മെന്റാണ് അറിയിച്ചത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. ഓസ്ട്രേലിയയ്‌ക്ക് വിശ്രമദിനമായതിനാൽ ഗോൾഫ് കളിക്കുന്നതിനായി പോയതായിരുന്നു മാക്സ്വെൽ. ഗോൾഫ് കോർട്ടിൽനിന്ന് ടീം ബസ്സിലേക്ക് എത്താനായി ചെറു വാഹനത്തിൽ (ഗോൾഫ് കാർട്ട്) ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മറിഞ്ഞുവീണ താരത്തിന്റെ തല നിലത്തിടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പ്രോട്ടോകോൾ അനുസരിച്ച് താരത്തിന് ഇംഗ്ലണ്ടുമായുള്ള അടുത്ത മത്സരം നഷ്ടമാകുമെന്ന് ഓസീസ് ഹെഡ് കോച്ച് ആൻഡ്രൂ മക്ഡൊണാൾഡ് അറിയിച്ചു. എന്നാൽ സ്‌ക്വാഡിൽ മാറ്റമില്ലെന്നും പ്രോട്ടോക്കോൾ പ്രകാരം ആറു മുതൽ എട്ടു ദിവസം വരെ മാക്‌സ്വെലിന് വിശ്രമം അനുവദിക്കുമെന്നും കോച്ച് വ്യക്തമാക്കി.
മാക്സ്വെല്ലിന്റെ അഭാവത്തിൽ മാർകസ് സ്റ്റോയിനിസിനോ കാമറൂൺ ഗ്രീനിനോ ഓസീസിന്റെ പ്ലേയിങ് ഇലവനിൽ ഇടം നൽകിയേക്കും. 2023 ലോകകപ്പിൽ തകർപ്പൻ ഫോമിലാണ് മാക്സ്വെൽ. നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ അതിവേഗ സെഞ്ചറി നേടിയ മാക്‌സ്വെലിന്റെ പ്രകടന മികവിൽ ഓസീസ് കൂറ്റൻ ജയം സ്വന്തമാക്കിയിരുന്നു.















