മുംബൈ: സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തിന്റെ പ്രതിമ വാങ്കഡെ സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്തു. കുടുംബത്തോടൊപ്പമാണ് ഏറെ വൈകാരിക ബന്ധമുളള വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പ്രതിമ അനാച്ഛാദനം ചെയ്യാൻ സച്ചിനെത്തിയത്. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് ഇതിഹാസ താരത്തോടുള്ള ആദരസൂചകമായി പ്രതിമ തയ്യാറാക്കിയിരിക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തിൽ നേരത്തെ തന്നെയുള്ള സച്ചിൻ തെണ്ടുൽക്കർ സ്റ്റാൻഡിന് സമീപത്താണ് പ്രതിമയും ഇടം പിടിച്ചിരിക്കുന്നത്.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് , എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ എന്നിവർ ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, ബിസിസിഐ ട്രഷറർ ആശിഷ് ഷെലാർ, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് അമോൽ കാലെ എന്നിവരും സന്നിഹിതരായിരുന്നു.
ഏകദേശം 22 അടി ഉയരമാണ് പ്രതിമയ്‌ക്കുള്ളത്. വാങ്കഡെ സ്റ്റേഡിയത്തിൽ ആദ്യമായാണ് ഒരു ക്രിക്കറ്റ് താരത്തിന്റെ പ്രതിമ സ്ഥാപിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ 50-ാം ജന്മദിനവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്.
സച്ചിന് എന്നെന്നും സ്പെഷ്യൽ: സച്ചിൻ തെണ്ടുൽക്കറും വാങ്കഡെ സ്റ്റേഡിയവും തമ്മിലുള്ളത് വൈകാരിക ബന്ധമാണെന്ന് ആരാധകർക്ക് അറിയാം. താരത്തിന്റെ കരിയറിലെ പല ഐതിഹാസിക ഇന്നിംഗ്‌സുകളും അരങ്ങേറിയത് വാങ്കഡെ സ്റ്റേഡിയത്തിലാണ്. 2011-ൽ എംഎസ് ധോണിയുടെ നേതൃത്വത്തിലായിരുന്നു സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെട്ട ഇന്ത്യൻ ടീം വാങ്കഡെയിൽ ഏകദിന ലോകകപ്പിൽ ചാമ്പ്യന്മാരായത്. കരിയറിലെ അവസാന അന്താരാഷ്‌ട്ര മത്സരവും സച്ചിൻ കളിച്ചത് വാങ്കഡെയിലാണ്. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തോടെയായിരുന്നു സച്ചിൻ തന്റെ അന്തരാഷ്‌ട്ര കരിയറിന് വിരാമമിട്ടത്.















