കേരളത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതും മനുഷ്യരെ ആക്രമിക്കുന്നതും നിത്യ സംഭവമായി മാറിക്കഴിഞ്ഞു. ആഗോള താപനവും വനനശീകരണവും കാരണം ലോകമെമ്പാടും ഇത്തരം പ്രശ്നങ്ങൾ വർദ്ധിച്ചു വരികയാണ്. ഇതിന് ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് പരിഹാരം കാണുകയാണ് ജപ്പാൻ. മോൺസ്റ്റർ വുൾഫുകളെയാണ് ജപ്പാൻ അവതരിപ്പിച്ചിരിക്കുന്നത്. ചെന്നായയുടെ രൂപവും ശബ്ദവുമുള്ള റോബോട്ടുകളാണ് ഇവ. വേട്ടക്കാരുടെ സന്തത സഹചാരിയായ ചെന്നായയെ മൃഗങ്ങൾക്ക് പൊതുവെ ഭയമാണ്. ഇതാണ് മോൺസ്റ്റർ വുൾഫിന്റെ അവതാരത്തിന് പിന്നിലെ രഹസ്യവും.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത റോബോട്ടുകൾക്ക്, ചെന്നായയുടെതിന് സമാനമായി രോമ കുപ്പായവും ചുവന്ന കണ്ണുകളുണ്ട്. ചെന്നായയുടെ അതേ ശബ്ദ ഗാംഭീര്യത്തോടെ കഴുത്ത് അൽപ്പം നീട്ടി ഓരിയിടാനും സാധിക്കും. ഒറ്റ നോട്ടത്തിൽ ചെന്നായയെന്നേ പറയൂ. ഗോൾഫ് കോഴ്‌സുകൾ, ഹൈവേ പ്രവേശന കവാടങ്ങൾ, റെയിൽ-റോഡ് ക്രോസിംഗുകൾ എന്നിവയ്‌ക്ക് സമീപം വന്യമൃഗങ്ങളെ തടയാനാണ് ഇവ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.
ജപ്പാനിൽ മാൻ, കാട്ടുപന്നി, കരടി തുടങ്ങിയ മൃഗങ്ങൾ മനുഷ്യർ താമസിക്കുന്ന പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് പതിവാണ്. ഇവ കൃഷിയിടങ്ങളിൽ കടന്നു കയറി നാശമുണ്ടാക്കുന്നു. കൂടാതെ കുരങ്ങുകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കാറുമുണ്ട്.
ടോക്കിയോ ആസ്ഥാനമായ ടെക്‌നോളജി കമ്പനിയായ ഒഹ്ത സെയ്‌ക്കിയാണ് മോൺസ്റ്റർ വുൾഫിനെ വികസിപ്പിച്ചത്. മൃഗങ്ങളെ തുരത്താൻ ആളുകളെ ഉപയോഗിക്കുന്നതിനക്കാൾ വളരെ ലാഭകരമാണെന്ന് റോബോട്ടെന്ന് കമ്പനി പ്രതിനിധി ഒഹ്ത പറഞ്ഞു. ഇതുവരെ, നല്ല റിസൾട്ടാണ് ലഭിച്ചത്. റോബോട്ടിന് പത്തോളം രാജ്യങ്ങളിൽ നിന്ന് അന്വേഷണങ്ങൾ ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടും വന്യജീവികളുടെ കടന്നുകയറ്റത്തിന് ഒരു പരിഹാരമായി മോൺസ്റ്റർ വുൾഫ് ഉയർന്നുവരുന്നതിന് വളരെ സമയമെടുക്കും ഒഹ്ത പറഞ്ഞു.