ശ്രീനഗർ: ജമ്മു കശ്മീരിന് ടാറ്റാ മോട്ടോഴ്സ് നൽകുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യ ബാച്ചിന്റെ ഫ്ളാഗ് ഓഫ് കർമ്മം നിർവ്വഹിച്ച് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. യൂണിവേഴ്‌സൽ ആക്‌സസ്, ഓൺ-ബോർഡ് വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം, സിസിടിവി, എമർജൻസി സ്റ്റോപ്പ് എന്നീ സൗകര്യങ്ങൾ ഉൾപ്പെടുന്ന 75 ബസുകളുടെ ഫ്ളാഗ് ഓഫാണ് നടന്നത്.
പരിസ്ഥിതിക്ക് ദോഷം വരാതിരിക്കാൻ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ വ്യാപനം തടയുകയെന്ന (കാർബൺ ന്യൂട്രൽ) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടനുസരിച്ചാണ് ഇ-ബസുകൾ നിരത്തിലിറങ്ങുന്നതെന്ന് ലെഫ്റ്റനന്റ് ഗവർണർ വ്യക്തമാക്കി. ഇ-ബസുകൾ കശ്മീരിലെ പൊതുഗതാഗത സംവിധാനത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
15 ഇൻട്രാ സിറ്റി റൂട്ടുകളിലും രണ്ട് ഇന്റർ സിറ്റി റൂട്ടുകളിലുമാണ് ഇ-ബസുകൾ സർവ്വീസ് നടത്തുക. യാത്രക്കാരുടെ സൗകര്യത്തിനായി പ്രത്യേക മൊബൈൽ ആപ്പും ഓൺലൈൻ ടിക്കറ്റ് പേയ്‌മെന്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ രാത്രി 8 വരെ കുറഞ്ഞത് 200 കിലോമീറ്ററാണ് പ്രതിദിനം സർവ്വീസ് നടത്തുക. ജമ്മു, ശ്രീനഗർ സ്മാർട്ട് സിറ്റി പദ്ധതികൾക്കായി ശ്രീനഗറിൽ 100 ഇ- ബസുകളും ജമ്മുവിൽ 100 ബസുകളും വിതരണം ചെയ്യാനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.















