മുംബൈ: ഏഷ്യാകപ്പില്‍ നിര്‍ത്തിയ ഇടത്തു നിന്ന് ഇന്ത്യ തുടങ്ങിയപ്പോള്‍ ലങ്കന്‍ ബാറ്റര്‍മാര്‍ ജീവശ്വാസത്തിനായി ഉഴറി. അഞ്ചു മിനിട്ടെങ്കിലും ക്രീസില്‍ നിര്‍ത്തെടാ…ഇതായിരുന്നു ഇന്ത്യക്കെതിരെ ബാറ്റിംഗിനിറങ്ങിയ ഓരോ ലങ്കന്‍ താരങ്ങളും മനസില്‍ പറഞ്ഞത്. ഒരുപിടി റെക്കോര്‍ഡുകള്‍ പിറന്ന മത്സരത്തില്‍ ലങ്കയെ ചിത്രത്തില്‍ പോയിട്ട് പേപ്പറില്‍ പോലും ഇല്ലാതാക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മാനിച്ചത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം. 358 റണ്‍സിന്റെ വിജലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലങ്ക 55 റണ്‍സിന് പുറത്തായി. 302 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഏഴു ജയത്തോടെ അപരാജിതരായി 2023ലോകകപ്പില്‍ ആദ്യം സെമിയില്‍ പ്രവേശിക്കുന്ന ടീമുമായി ഇന്ത്യ
ഇന്നിംഗ്‌സിന്റെ ആദ്യ പന്തില്‍ പാതും നിസാങ്കയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയാണ് ബുമ്ര ഇന്ത്യയുടെ നയം വ്യക്തമാക്കിയത്. തൊട്ടു പിന്നാലെ വന്നവര്‍ ക്രീസില്‍ മിനിട്ടുകള്‍ തികയ്‌ക്കാന്‍ പാടുപെട്ടു. ഷമിയും സിറാജും ബുമ്രയും തീതുപ്പിയപ്പോള്‍, അതില്‍ വെന്തു വെണ്ണീറാകാനെ ലങ്കയ്്ക്ക് കഴിഞ്ഞുള്ളു. ആദ്യ എട്ടുവിക്കറ്റുകള്‍ ഒമ്പത് ഓവറിനിടെയാണ് നിലംപൊത്തിയത്.ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരനായി മാറിയ ഷമിയാണ് ലങ്കന്‍ നിരയെ എറിഞ്ഞൊടിച്ചത്.അഞ്ചു വിക്കറ്റ് നേടിയ താരം തന്നെയാണ് കളിയിലെ കേമനും
എട്ടുപേര്‍ രണ്ടക്കം കാണാതെ കൂടാരം കയറിയപ്പോള്‍. നാലു പേര്‍ ഇതില്‍ ഡക്കായി. ഏഴു ബൗണ്ടറികള്‍ മാത്രമാണ് ലങ്കയ്‌ക്ക് അതിര്‍ത്തി വര കടത്താനായത്.അഞ്ചോവറില്‍ ഒരു മെയ്ഡനടക്കം എട്ടു റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് ബുമ്ര ഒരു വിക്കറ്റെടുത്തത്. ഏഴോവര്‍ എറിഞ്ഞ സിറാജ് രണ്ടു മെയഡന്‍ അടക്കം 16 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റെടുത്തു. അവശേഷിച്ച ഒരു വിക്കറ്റ് ജഡേജയ്‌ക്കും ലഭിച്ചു. 18 റണ്‍സ് വഴങ്ങിയാണ് ഷമിയുടെ അഞ്ചു വിക്കറ്റ് നേട്ടം. ഇന്നത്തെ പ്രകടനത്തോടെ ഷമിയുടെ വിക്കറ്റ് നേട്ടം 14 ആയി. കൂറ്റൻ തോൽവിയോടെ ശ്രീലങ്ക ഏറെക്കുറെ ലോകകപ്പിൽ നിന്ന് പുറത്തായി.