കൊച്ചി: ആലുവയിൽ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി നാളെ. എറണാകുളം പോക്‌സോ കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കൊലപാതകം, ബലാത്സംഗമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് നാളെ വിധി പറയുന്നത്.
ഈ കഴിഞ്ഞ ജൂലൈ 28-നാണ് ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെടുന്നത്. ഒക്ടോബർ നാലിനാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
ഇവർ താമസിക്കുന്ന വീടിന് സമീപമാണ് അസ്ഫാക് ആലവും താമസിച്ചിരുന്നത്. ആലുവ മാർക്കറ്റ് പരിസരത്ത് നിന്നും ചാക്കിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.















