വാഹനം മറ്റൊരാൾക്ക് വിറ്റെങ്കിലും നിയമലംഘനങ്ങളുടെ നൂലാമാലകളാൽ വലയുന്ന പലരുടെയും വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. വാഹനം വാങ്ങിയയാൾ ഉടമസ്ഥാവകാശം മാറാതെ ഉപയോഗിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. പുതിയതായി വാഹനം വാങ്ങിയ ആൾ നിയമലംഘനങ്ങൾ നടത്തുമ്പോൾ ചെലാൻ ലഭിക്കുന്നത് ആദ്യ ഉടമയ്‌ക്കാണ്. ഇത്തരത്തിൽ പിഴ ലഭിക്കുന്നവർക്ക് രക്ഷപ്പെടുന്നതിനുള്ള മാർഗങ്ങളും പരിമിതമാണ്.
ഇതിനാൽ തന്നെ പിഴ വരുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാകും ഉചിതം. വാഹനം വാങ്ങിയ ആളുകളെ കണ്ടെത്തി ഉടമസ്ഥാവകാശം മാറ്റി ഉപയോഗിക്കണമെന്ന് പറയുന്നതാണ് ഏറ്റവും ഉചിതമായ മാർഗം. ഇത് വാഹനം വാങ്ങിയ ആൾ അംഗീകരിക്കാത്ത പക്ഷം ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി പോലീസിൽ പരാതിപ്പെടുക. ഇതിന് ശേഷം വക്കീൽ നോട്ടീസ് അയക്കാം.
ഇതിന് ശേഷമുള്ള അടുത്ത നടപടി ബ്ലാക്ക് ലിസ്റ്റ് ചെയ്യുക എന്നതാണ്.ആർടി ഓഫീസിലെത്തി എംവിഡി ഉദ്യോഗസ്ഥരെ കാരണം ബോധിപ്പിച്ച് ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്. മറ്റൊരു മാർഗം ആർടി ഓഫീസുമായി ബന്ധപ്പെട്ട് പുതിയ ഉടമ ഇൻഷുറൻസ് പുതുക്കുകയോ, പുക സർട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇതിലൂടെ കോൺടാക്ട് വിവരങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കാവുന്നതാണ്. പരിവാഹൻ സൈറ്റ് മുഖേനയും പരാതികൾ പരിഹരിക്കാനാകും.