തിരുവനന്തപുരം: ജില്ലയിലെ പഴം-പച്ചക്കറികളിൽ അനുവദനീയമായതിലും കൂടുതൽ കീടനാശിനി സാന്നിദ്ധ്യമെന്ന് റിപ്പോർട്ട്. വിവിധ മാർക്കറ്റുകളിൽ നിന്നും കർഷകരിൽ നിന്നും ശേഖരിച്ച 72 പഴം-പച്ചക്കറി സാമ്പിളുകളിൽ 14 എണ്ണത്തിലും കീടനാശിനി കണ്ടെത്തി. വെള്ളായണി കാർഷിക കോളജിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്.
കറിവേപ്പില, വഴുതന, സാലഡ് വെള്ളരി, പടവലം, ബീൻസ്, കറുത്ത മുന്തിരി, ആപ്പിൾ, ബജി മുളക്, ക്യാപ്സിക്കം, പച്ചമുളക്, കോവയ്ക്ക, വെണ്ട തുടങ്ങിയവയിലാണ് പ്രധാനമായും കീടനാശിനി കണ്ടെത്തിയത്. സംസ്ഥാനത്തെ പഴം-പച്ചക്കറി വർഗങ്ങളിലെ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തുന്നതിന് വെള്ളായണി കാർഷിക കോളജിൽ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ ലാബിൽ നടന്നുവരുന്ന ‘സേഫ് ടു ഈറ്റ് ’പദ്ധതിയുടെ ഒക്ടോബർ മാസത്തെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്.
ഭക്ഷ്യസുരക്ഷാവകുപ്പിലെ ഫുഡ് സേഫ്റ്റി ഓഫിസർമാർ വഴിയാണ് സാമ്പിൾ ശേഖരിച്ചത്. വെള്ളായണി ലാബിന്റെ വെബ്സൈറ്റായ prral.kau.in ൽ റിസൾട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.