ചിയാൻ വിക്രമിന്റെ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാൻ. വിക്രമിന്റെ വേറിട്ട ലുക്കും ഭാവവും ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതിയും ടീസറും കൂടെ കണ്ടതോടെ പ്രേക്ഷകർ ഇരട്ടി പ്രതീക്ഷയിലാണ്. ഇപ്പോഴിതാ, മറ്റൊരു വെളിപ്പെടുത്തൽ കൂടി നടത്തിയിരിക്കുകയാണ് വിക്രം.
ചിത്രത്തിൽ തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ് ടീസർ ലോഞ്ച് ചടങ്ങിനിടെ വിക്രം നടത്തിയിരിക്കുന്നത്. തങ്കലാനിൽ തന്റെ കഥാപാത്രത്തിന് സംഭാഷണങ്ങളൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇത് ആരാധകർക്കിടയിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ്.
2024 ജനുവരി 26 നാണ് തങ്കലാന് തിയേറ്ററുകളിൽ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാൻ തിയേറ്ററുകളിലെത്തും. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ കര്‍ണാടകത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്ഡ്സ് ആണ് ചിത്രത്തിന്റെ പശ്ചാത്തലം.
പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാർ. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അഴകിയ പെരിയവൻ സംഭാഷണവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്.എസ്. മൂർത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനൻ യാത്രിഗൻ എന്നിവരുടേതാണ് വരികൾ. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.