തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കൾക്ക് നൽകിയിരുന്ന സബ്‌സിഡി റദ്ദാക്കി സർക്കാർ. ഒരു മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നൽകിവന്ന സബ് സിഡിയാണ് പിൻവലിച്ചത്. എല്ലാവർഷവും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സബ്‌സിഡി പിൻവലിച്ചത്. സബ്‌സിഡി നിർത്തലാക്കിയാൽ 76 ലക്ഷം ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ ഉയരും.
സബ്‌സിഡി പിൻവലിക്കുന്നതോടെ ഇരുട്ടടിയാണ് ജനങ്ങൾക്ക് നേരിടേണ്ടി വരിക. നിരക്കും ഫിക്‌സഡ് ഡെപ്പോസിറ്റും കൂട്ടിയതിനൊപ്പമാണിപ്പോൾ സബ്‌സിഡിയിലും സർക്കാർ ജനങ്ങളെ കൊള്ളയടിച്ചത്. 10 വർഷത്തോളമായി നൽകി വന്ന സബ്‌സിഡിയാണ് എടുത്തുകളഞ്ഞത്. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 85 പൈസയായിരുന്നു ശരാശരി സബ്‌സിഡി. ആദ്യത്തെ 40 യൂണിറ്റിന് 35 പൈസ, പിന്നെ 41 മുതൽ 120 യൂണിറ്റ് വരെ 50 പൈസ എന്ന നിരക്കിലായിരുന്നു സബ്‌സിഡി നൽകിയിരുന്നത്. മാസം കുറഞ്ഞത് 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 40 രൂപയോളം കുറഞ്ഞിരുന്നു.
2023 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കാക്കി ബോർഡിനുള്ള നഷ്ടം നികത്താനാണ് ചാർജ്ജ് കൂട്ടിയത്. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ മെയിലാണ് സർക്കാർ റദ്ദാക്കിയത്. ഈ നഷ്ടം നികത്താനായി ഉയർന്ന തുകയ്‌ക്ക് പുറത്ത് നിന്നായിരുന്നു സർക്കാർ വൈദ്യുതി വാങ്ങിയത്. ഇതിലൂടെ പ്രതിദിന നഷ്ടം തന്നെ പത്ത് കോടിയാണ്.















