ലഖ്നൗ: ഏകദിന ലോകകപ്പിൽ വീണ്ടും ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. നെതർലൻഡ്സിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് അഫ്ഗാൻ ടൂർണമെന്റിൽ പാകിസ്താനെയും പിന്തള്ളി ടോപ് ഫൈവിലെത്തിയത്. ഡച്ച് പടയെ 179 റൺസിലൊതുക്കിയ അഫ്ഗാൻ, മറുപടി ബാറ്റിംഗിൽ വെറും 31.3 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് ന്ഷ്ടത്തിൽ അഫ്ഗാൻ 181 റൺസ് നേടി. അർദ്ധസെഞ്ച്വറി നേടിയ റഹ്‌മത്ത് ഷായുടെയും ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയുടെയും വെടിക്കെട്ട് പ്രകടനമാണ് അഫ്ഗാന് ജയം സമ്മാനിച്ചത്. 56 റൺസെടുത്ത നായകൻ ഹഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ.
180 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നെത്തിയ അഫ്ഗാന് ആറാം ഓവറിൽ ആദ്യ വിക്കറ്റ് വീണു. ഓപ്പണർ റഹ്‌മാനുള്ള ഗുർബാസിനെ(10) ലോഗൻ വാൻ ബീക്ക് ഡച്ച് ക്യാപ്റ്റൻ സ്‌കോട്ട് എഡ്വാർഡ്സിന്റെ കൈകളിലെത്തിച്ചു. പിന്നീട് സഹ ഓപ്പണർ ഇബ്രാഹിം സദ്രാനെ(20) വാൻഡർ മെർവും കൂടാരം കയറ്റി. മൂന്നാം വിക്കറ്റിൽ ഒരുമിച്ച റഹ്‌മത്ത് ഷായും ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയും അഫ്ഗാനെ 100 കടത്തി. 54 പന്തിൽ നിന്ന് എട്ട് ബൗണ്ടറിയടക്കം 52 റൺസ് നേടിയ റഹ്‌മത്ത് ഷായെ സാക്കിബ് സുൽഫിക്കർ പുറത്താക്കി.
പിന്നീടിറങ്ങിയ അസ്മത്തുള്ള ഒമർസായിയെയും കൂട്ടുപിടിച്ച് ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചു. 32-ാം ഓവറിൽ ആര്യൻ ദത്തിന്റെ പന്തിൽ ബൗണ്ടറി പായിച്ച് അഫ്ഗാൻ നായകൻ വിജയലക്ഷ്യം മറികടന്നു. ഹഷ്മത്തുള്ള (56), അസ്മത്തുള്ള ഒമർസായി (31 ) എന്നിവർ പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതർലൻഡ്സ് 46.3 ഓവറിൽ 179ന് ഓൾഔട്ടാകുകയായിരുന്നു. 58 റൺസ് നേടിയ സിബ്രാൻഡ് ഏങ്കൽബ്രഷാണ് നെതർലൻഡ്സിന്റെ ടോപ് സ്‌കോറർ. മാക്സ് ഒഡൗഡ് 42 റൺസെടുത്തു. ആക്കർമാൻ (29), വാൻ ഡർ മെർവെ (11), ആര്യൻ ദത്ത് (പുറത്താവാതെ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. വെസ്ലി ബരേസി (1), സ്‌കോട്ട് എഡ്വേർഡ്സ് (0), ബാസ് ഡീ ലീഡെ (3), സാക്വിബ് സുൽഫിക്കർ (3), വാൻ ബീക്ക് (2), പോൾ വാൻ മീകെരെൻ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് നബിയാണ് നെതർലൻഡ്സിനെ തകർത്തത്. നൂർ അഹമ്മദ് രണ്ടും മുജീബ് ഉർ റഹ്‌മാൻ ഒരു വിക്കറ്റും വീഴ്‌ത്തി.