റിയാദ്: ഫുട്‌ബോളിന് പുറമെ ക്രിക്കറ്റിലും നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ. ഇന്ത്യൻ പ്രീമിയർ ലീഗിലാണ് (ഐപിഎൽ) സൗദി അറേബ്യ ശതകോടികളുടെ നിക്ഷേപം നടത്താനൊരുങ്ങുന്നത്. ഐപിഎല്ലിനെ 3000 കോടി ഡോളർ മൂല്യമുള്ള ഒരു ഹോൾഡിംഗ് കമ്പനിയാക്കി മാറ്റുകയാണ് ഇതിലൂടെ സൗദി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉപദേശകർ അധികൃതരുമായി നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐപിഎല്ലിനെ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും സൗദി സഹകരിക്കുമെന്നാണ് ഓഫർ. ഹോൾഡിംഗ് കമ്പനി രൂപീകരിക്കുകയാണെങ്കിൽ 500 കോടി ഡോളർ നിക്ഷേപിക്കാനാണ് സൗദി ഭരണകൂടം ഒരുങ്ങുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗും, യുവേഫ ചാംപ്യൻസ് ലീഗും പോലെ ഐപിഎല്ലിനെയും മാറ്റിയെടുക്കാനാകുമെന്നാണ് സൗദി വ്യക്തമാക്കുന്നത്. എന്നാൽ ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബിസിസിഐയാണ്.
നേരത്തെ, ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി20 ലീഗ് എന്ന ലേബലിൽ ടൂർണമെന്റ് ആരംഭിക്കാൻ സൗദി തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനോട് ബിസിസിഐ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഈ ലീഗിലേക്ക് വിട്ടുനൽകാൻ താത്പര്യമില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ബിസിസിഐയെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കുന്നതിൽ വിലക്കുണ്ട്. ഇത് സൗദിക്കായി മാറ്റില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്. പുറത്തുവരുന്ന വിവരമനുസരിച്ച്, ഒരു വർഷത്തോളമായി ഈ വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അംഗീകാരം ലഭിക്കാത്തതാണ് തടസ്സമായി നിൽക്കുന്നത്.















