മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനിക്ക് വീണ്ടും വധ ഭീഷണി. 400 കോടി രൂപ നൽകണമെന്നും പണം നൽകിയില്ലെങ്കിൽ വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഇ-മെയിൽ വഴിയാണ് വധ ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മൂന്ന് തവണ മുകേഷ് അംബാനിക്ക് സമാനമായ രീതിയിൽ വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. ആദ്യം 20 കോടിയും പിന്നീട് 200 കോടിയും അതിന് ശേഷം 400 കോടിയും ആവശ്യപ്പെട്ടാണ് ഈ സന്ദേശങ്ങൾ വന്നത്.
അതേസമയം ഷദാബ് ഖാൻ എന്നയാളാണ് ഈ സന്ദേശങ്ങൾ അയക്കുന്നതെന്ന് ഒക്ടോബർ 27ന് ലഭിച്ച ഇമെയിൽ പരിശോധിച്ചതിൽ നിന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇപ്പോൾ വന്നിരിക്കുന്ന ഭീഷണിയും ഇയാൾ തന്നെയാണോ അയച്ചിരിക്കുന്നതെന്ന് അന്വേഷിക്കുകയാണ് പോലീസ്. മുകേഷ് അംബാനിയുടെ സെക്യൂരിറ്റി- ഇൻ-ചാർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെ ഗംഗാദേവി പോലീസ് സെഷൻ 387, 506(2) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.