കണ്ണൂർ: സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴയൊടുക്കാൻ ലഭിച്ച ചലാൻ കണ്ട് ഞെട്ടി കുടുംബം. ചെല്ലാനിൽ വന്ന ചിത്രത്തിൽ കാറിൽ യാത്ര ചെയ്യാത്ത ഒരു സ്ത്രീ കൂടി എഐ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പിൻ സീറ്റിൽ ഉണ്ടായിരുന്നത് രണ്ട് കുട്ടികളായിരുന്നു. എന്നാൽ കുട്ടികളെ ചിത്രത്തിൽ കാണാനുമില്ല. പയ്യന്നൂരിലാണ് സംഭവം നടന്നത്. ചെറുവത്തൂർ സ്വദേശി ആദിത്യനാണ് ഇത്തരത്തിൽ ഒരു പിഴ കിട്ടിയത്. പയ്യന്നൂർ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് ചിത്രം പതിഞ്ഞിരിക്കുന്നത്.
ചെറുവത്തൂരിൽനിന്ന് പയ്യന്നൂരിലേക്കുള്ള വഴിമധ്യേ കേളോത്തുവെച്ചാണ് കാറിന് എ.ഐ ക്യാമറയുടെ പിടിവീഴുന്നത്. ഈ സമയത്ത് ആദിത്യനും, ഇയാളുടെ അമ്മയുടെ ചേച്ചിയുമായിരുന്നു വാഹനത്തിന്റെ മുൻസീറ്റിൽ ഉണ്ടായിരുന്നത്. ഇവർ രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിൻസീറ്റിൽ രണ്ട് കുട്ടികളുമുണ്ടായിരുന്നു. എഐ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ കാറിൽ യാത്ര ചെയ്യാത്ത ഒരു സ്ത്രീയുടെ രൂപം കൂടി പതിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരാൾ വാഹനത്തിൽ ഉണ്ടായിരുന്നില്ല.
സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ വിവിധ തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. മുൻസീറ്റിൽ ഇരുന്ന സ്ത്രീയുടെ പ്രതിബിംബം ആകാൻ സാധ്യതയുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. എന്നാൽ ചിത്രത്തിൽ ആദിത്യന്റെ പിന്നിലായാണ് സത്രീ ഇരിക്കുന്നത്.
മറ്റേതെങ്കിലും വാഹനത്തിന്റെ ചിത്രം പകർത്തിയപ്പോൾ കാറിൽ ഉണ്ടായിരുന്ന സ്ത്രീയുടെ ചിത്രം സാങ്കേതിക പിഴവ് മൂലം കയറി വന്നതാകാം എന്നും എംവിഡി പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ ഒരു കാരണം പറയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടെ മോട്ടോർ വാഹനവകുപ്പ് ഇതുസംബന്ധിച്ച് കെൽട്രോണിനോട് കാര്യങ്ങൾ ആരാഞ്ഞിട്ടുണ്ട്.
അതേസമയം, എഐ ക്യാമറയിലൂടെ പ്രേതത്തിന്റെ ചിത്രമാണ് പതിഞ്ഞതെന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. അടുത്തിടെ ഈ പ്രദേശത്ത് മരിച്ച ഒരു സ്ത്രീയുടെ ചിത്രമാണിതെന്ന രീതിയിലും പ്രചരണങ്ങൾ നടക്കുന്നുണ്ട്.