രാമലീലയ്‌ക്ക് ശേഷം സംവിധായകൻ അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ഈ മാസം 10 നാണ് ചിത്രം പ്രദർശനത്തിനെത്തുക. നിലവിൽ സിനിമയുടെ പ്രമോഷൻ പരിപാടികൾ പുരോഗമിക്കുകയാണ്. പ്രമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയ ദിലീപിന്റെയും കലാഭവൻ ഷാജോണിന്റെയും ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ചിത്രത്തിൽ ദിലീപും തമന്നയും തകർത്താടിയ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രമോഷൻ വേദിയിൽ വച്ച് ആ ഗാനത്തിനൊപ്പം ലൈവായി ഡാൻസ് കളിക്കാമോയെന്ന ചോദ്യം ആൾക്കൂട്ടത്തിൽ നിന്നും ഉയരുകയായിരുന്നു. തമന്നയ്‌ക്കൊപ്പമുള്ള നൃത്തരംഗം ഒറ്റയ്‌ക്ക് കളിച്ചാൽ ഭംഗിവരില്ലെന്ന് പറഞ്ഞ് ദിലീപ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. എന്നാൽ തമന്നയുടെ അഭാവത്തിൽ ആ ദൗത്യം കലാഭവൻ ഷാജോൺ ഏറ്റെടുക്കുകയായിരുന്നു.
വൻ കയ്യടികളും ആവേശ തിമിർപ്പുകളും ഉയർന്നു. ആദ്യം ഷാജോണിന് സ്‌റ്റെപ്പുകൾ പറഞ്ഞുകൊടുത്തു. ശേഷം ഇരുവരും ചേർന്ന് ബാന്ദ്രയിലെ റക്ക… റക്ക… ഗാനത്തിന് ചുവടുവെച്ചു. നിറഞ്ഞ കയ്യടികളോടെയാണ് ദിലീപിന്റേയും ഷാജോണിന്റേയും നൃത്തം ആൾക്കൂട്ടം ഏറ്റെടുത്തത്. സംവിധായകൻ അരുൺ ഗോപിയും ചടങ്ങിൽ പങ്കെടുത്തു. ബാന്ദ്രയൊരു ഗ്യാങ്ങ്സ്റ്റർ സിനിമയാണോ എന്ന് ചോദിച്ചപ്പോൾ, ബാന്ദ്ര പക്വതയുള്ള ഒരു പ്രണയചിത്രമാണെന്നായിരുന്നു അരുൺഗോപിയുടെ മറുപടി.
View this post on Instagram
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ, സിദ്ദിഖ്, ലെന, മംമ്തമോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.