ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ രേഖാ ചിത്രം ഉയർത്തിപ്പിടിച്ച പെൺകുട്ടിക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി.കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ കാങ്കറിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയുടെ രേഖാ ചിത്രവുമായി ആകാൻക്ഷ എത്തിയത്. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ താൻ വരച്ച ചിത്രം കുട്ടി ഉയർത്തി കാണിക്കുകയായിരുന്നു. ഇത് കണ്ട പ്രധാനമന്ത്രി സുരക്ഷ ഉദ്യോഗസ്ഥരോട് ചിത്രം വാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് പ്രധാനമന്ത്രി കുട്ടിയ്‌ക്ക് കത്തെഴുതിയത്.
പ്രിയപ്പെട്ട ആകാൻക്ഷ, നിനക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു. നീ വരച്ച എന്റെ ചിത്രം എന്റെ കൈകളിൽ സുരക്ഷിതമായി എത്തി. നിന്റെ സ്‌നേഹത്തിന് നന്ദി. എല്ലാ മേഖലകളിലും മികച്ച വിജയം നേടാൻ ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ വിജയങ്ങളിലൂടെ രാജ്യം അഭിമാനിക്കട്ടെ. ഭാവിക്ക് ആശംസകൾ.- പ്രധാനമന്ത്രി കത്തിൽ കുറിച്ചു.
രാജ്യത്തെ പെൺക്കുട്ടികൾ രാഷ്‌ട്രത്തിന്റെ ഭാവിയാണ്. അടുത്ത 25 വർഷത്തിനുള്ളിൽ നിങ്ങളെപ്പോലുള്ള പെൺകുട്ടികൾ സ്വപ്നങ്ങൾ നിറവേറ്റുകയും രാജ്യത്തിന്റെ ഭാവിക്ക് സംഭാവന നൽകുകയും ചെയ്യും. നിങ്ങളിൽ നിന്ന് ലഭിക്കുന്ന സ്‌നേഹവും സ്വന്തമെന്നുള്ള കരുതലുമാണ് രാഷ്‌ട്ര സേവനത്തിനുളള എന്റെ ശക്തി. നമ്മുടെ പെൺമക്കൾക്കായി ആരോഗ്യകരവും സുരക്ഷിതവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി ആകാൻക്ഷയ്‌ക്ക് അയച്ച കത്തിൽ കൂട്ടിച്ചേർത്തു.