ബെയ്റൂട്ട്: ഗാസയിൽ ഹമാസ് ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ തങ്ങളെ ആക്രമിക്കാൻ തുനിഞ്ഞ ഹിസ്ബുല്ല ഭീകരർക്ക് തക്കതായ മറുപടി നൽകി ഇസ്രായേൽ. ലെബനനിൽ നിന്നുള്ള വെടിവയ്പ്പിന് മറുപടിയായി ഹിസ്ബുല്ല ഭീകരരുടെ കേന്ദ്രങ്ങൾ ഇസ്രായേൽ സൈന്യം തകർത്തു. പാലസ്തീൻ പ്രദേശത്ത് ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ യുദ്ധത്തിൽ തങ്ങളും പങ്കാളികളാകുമെന്ന് ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ല വെല്ലുവിളിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ തിരിച്ചടി.
ലെബനനിൽ നിന്ന് ഇസ്രായേലിന്റെ പ്രദേശത്തേക്ക് വെടിവയ്‌ക്കാൻ ശ്രമിച്ച ഭീകരർക്ക് മറുപടിയായി ഹിസ്ബുല്ല ഭീകര സെല്ലുകളും അവരുടെ നിരീക്ഷണ പോസ്റ്റുകളും തകർത്തു എന്നാണ് ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ലെബനനിലെ ജൽ അൽ-അല്ലം എന്നറിയപ്പെടുന്ന ഇസ്രായേൽ പോസ്റ്റിന് നേരെയാണ് കഴിഞ്ഞ ദിവസം രണ്ട് ബുർക്കൻ റോക്കറ്റുകൾ ഹിസ്ബുല്ല തൊടുത്തുവിട്ടത്.