ബെംഗളൂരു: ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ വഴങ്ങുന്ന താരമെന്ന നാണക്കേട് ഇനി പാക് പേസർ ഹാരിസ് റൗഫിന് സ്വന്തം. ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസീലൻഡിനെതിരെയുളള മത്സരത്തിൽ 10 ഓവറിൽ 85 റൺസാണ് റൗഫ് വഴങ്ങിയത്. രണ്ട് സിക്സും 11 ഫോറുകളും ഉൾപ്പെടെയാണിത്. ഇതോടെ ഈ ലോകകപ്പിൽ റൗഫ് വഴങ്ങിയ സിക്‌സറുകളുടെ എണ്ണം 16 ആയി. ഈ ലോകകപ്പിൽ പാകിസ്താൻ ബാറ്റർമാരെക്കാൾ കൂടുതൽ റൺസ് വഴങ്ങിയ താരവും റൗഫാണ്. 2015 ലോകകപ്പിൽ 15 സിക്സറുകൾ വഴങ്ങിയ സിംബാബ്വെ താരം ടിനാഷെ പന്യൻഗരയുടെ റെക്കോർഡാണ് ഇതോടെ വഴിമാറിയത്. 2019 ലോകകപ്പിൽ 14 സിക്സറുകൾ വീതം വഴങ്ങിയ ഇന്ത്യൻ താരം യുസ്വേന്ദ്ര ചാഹലും അഫ്ഗാൻ താരം റാഷിദ് ഖാനുമാണ് ഈ പട്ടികയിൽ മൂന്നാമത്.
ഈ ലോകകപ്പിൽ അത് രണ്ടാം തവണയാണ് റൗഫ് 80 റൺസിന് മുകളിൽ വഴങ്ങുന്നത്. പാക് ബൗളർമാരെ കടന്നാക്രമിച്ച കിവീസ് ബാറ്റർമാർ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്തതിൽ 401 റൺസാണ് അടിച്ചെടുത്തത്.
റൗഫ് ഈ ലേകകപ്പിൽ വഴങ്ങിയ സിക്സറുകൾ
ന്യൂസിലൻഡ് – 2
ബംഗ്ലാദേശ് – 0
ദക്ഷിണാഫ്രിക്ക – 3
അഫ്ഗാനിസ്ഥാൻ- 0
ഓസ്‌ട്രേലിയ- 5
ഇന്ത്യ – 3
ശ്രീലങ്ക – 2
നെതർലൻഡ്സ്- 1