ഏകദിന ലോകകപ്പിലെ വിരാട് കോഹ്ലിയുടെ ഉഗ്രൻ ഫോമിന് പിന്നാലെ താരത്തിനെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം മുഹമ്മദ് ആമിർ. മറ്റ് താരങ്ങളുമായി കോഹ്ലിയെ താരതമ്യം ചെയ്യരുതെന്നും കുഞ്ഞൻ ടീമുകൾക്കെതിരെ കളിച്ചിരുന്നെങ്കിൽ താരം എന്നേ സച്ചിന്റെ റെക്കോർഡ് മറികടന്നേനെയെന്നും ആമിർ പറഞ്ഞു.
”എന്തിനാണ് വിരാട് കോഹ്ലിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. വിഡ്ഢി താരതമ്യങ്ങളാണ് ഇപ്പോൾ പലഭാഗത്ത് നിന്നും ഉയരുന്നത്. കോഹ്ലി നെതർലാന്റ്സ് നേപ്പാൾ, സിംബാവെ, ബംഗ്ലാദേശ് പോലെ കുഞ്ഞൻ ടീമുകൾക്കെതിരെ കളിച്ചിരുന്നെങ്കിൽ സച്ചിന്റെ റെക്കോർഡുകൾ എന്നേ പഴങ്കഥയായെനേ. ഈ ടീമുകൾക്കെതിരെയൊന്നും അദ്ദേഹം പരമ്പര കളിക്കാറില്ലല്ലോ”- ആമിർ പറഞ്ഞു
ഏകദിന ക്രിക്കറ്റിൽ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്ലിക്ക് ഇനി ഒരു സെഞ്ച്വറി കൂടെ മതി. ഈ ലോകകപ്പിൽ മികച്ച രീതിയിൽ ബാറ്റുവീശുന്ന കോഹ്ലി ശ്രീലങ്കക്കെതിരെ ഈ റെക്കോർഡിനരികിൽ എത്തിയിരുന്നെങ്കിലും സെഞ്ച്വറിയിലെത്തും മുമ്പേ കൂടാരം കയറുകയായിരുന്നു.















