രജനികാന്ത് നായകനായ മറ്റൊരു ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു. താരത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ മുത്തുവാണ് റീ റിലീസിന് ഒരുങ്ങുന്നത്. 1995 ൽ ഇറങ്ങിയ ചിത്രം ഡിസംബറിലാണ് റീ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ തേന്മാവിൻ കൊമ്പത്തിന്റെ തമിഴ് റീമേക്കായിരുന്നു മുത്തു. കെ എസ് രവികുമാർ സംവിധാനം ചെയ്ത സിനിമയിൽ രജനികാന്തിനൊപ്പം മീന, ശരത് ബാബു, രാധ രവി, ജയഭാരതി, വടിവേലു തുടങ്ങിയ വൻ താരനിരയായിരുന്നു വേഷമിട്ടത്. ചിത്രത്തിന് സംഗീതമൊരുക്കിയത് എ ആർ റഹ്മാനായിരുന്നു.
View this post on Instagram
കഴിഞ്ഞ വർഷം രജനികാന്തിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ബാബ ചിത്രവും റീ റിലീസ് ചെയ്തിരുന്നു. ആരാധകർക്കായി ചിത്രം വീണ്ടും എഡിറ്റ് ചെയ്ത് ഡിജിറ്റലായി റീ-മാസ്റ്ററും ചെയ്തായിരുന്നു റീ റിലീസ് ചെയ്തത്. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത സൂപ്പർ നാച്ചുറൽ ആക്ഷൻ ത്രില്ലറാണ് ‘ബാബ’. രജനികാന്ത് തന്നെയാണ് ചിത്രം നിർമ്മിച്ചത്. ബാബ ഒരു ബോക്സ് ഓഫീസ് പരാജയമാണെന്ന് തെളിയിച്ചെങ്കിലും ഒടുവിൽ രജനികാന്തിന്റെ ആരാധകർക്കിടയിൽ ജനപ്രിയ ചിത്രമായി ബാബ മാറി.
റീ റിലീസിനും സൂപ്പർ സ്റ്റാറിന്റെ ചിത്രത്തിന് ആരാധകർ വൻ വരവേൽപ് നൽകിയിരുന്നു. സിനിമ കാണാനായി ആരാധകർ തിയേറ്ററിൽ കാത്തുനിൽക്കേണ്ട അവസ്ഥയായതോടെ സ്‌ക്രീനുകളുടെ എണ്ണം ഇരുനൂറിൽ നിന്ന് മുന്നൂറായും വർധിപ്പിച്ചിരുന്നു.