അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസിന്റെ സൂപ്പർ സ്പിന്നർ സുനിൽ നരെയ്ൻ. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുകയാണെന്നും ടി-20 ലീഗുകളിൽ തുടർന്നും കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2012ൽ വിൻഡീസ് ലോക ചാമ്പ്യൻമാരായപ്പോൾ അന്ന് കരീബിയൻസിനെ കിരീടം ചൂടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു സുനിൽ നരെയ്ൻ. വിൻഡീസിനായി 65 ഏകദിനവും 51 അന്താരാഷ്‌ട്ര ടി-20യും ആറ് ടെസ്റ്റും സുനിൽ നരെയ്ൻ കളിച്ചിട്ടുണ്ട്. 165 അന്താരാഷ്‌ട്ര വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.
സൂപ്പർ 50 കപ്പ് ഈ സീസൺ അവസാനിക്കുന്നതോടുകൂടി ആഭ്യന്തര ഫോർമാറ്റിൽ നിന്നും വിരമിക്കുമെന്ന് നരെയ്ൻ അറിയിച്ചു. സൂപ്പർ 50 കപ്പിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ താരമാണ് നരെയ്ൻ.
ഞാൻ അവസാനമായി വെസ്റ്റ് ഇൻഡീസിനായി കളിച്ചിട്ട് 4 വർഷത്തിലേറെയായി. എന്നാൽ ഇന്ന് ഞാൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ്, കോച്ചിംഗ് സ്റ്റാഫ്, ഒപ്പം വിൻഡീസ് ആരാധകർ, എല്ലാ ഫോർമാറ്റിലുമായി എന്നോടൊപ്പം കളിച്ച എന്റെ സഹപ്രവർത്തകർ എന്നിവരോടുള്ള നന്ദി അറിയിക്കാനും ഞാൻ ആഗ്രഹിക്കുകയാണ്.- അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
കരിബീയൻസിനായി 2013ൽ അവസാന ടെസ്റ്റും 2016-ൽ താരം അവസാന ഏകദിനവും കളിച്ചു. 2019ലാണ് നരെയ്ൻ വിൻഡീസ് ജഴ്സിയിൽ അവസാനമായി കളിക്കളത്തിലിറങ്ങിയത്. മാനേജ്മെന്റുമായുള്ള പ്രശ്നങ്ങളും ലോകമെമ്പാടുമുള്ള ടി-20 ലീഗുകളിൽ കളിക്കുന്നതും അദ്ദേഹത്തെ അന്താരാഷ്‌ട്ര തലത്തിലെ മത്സരങ്ങളിൽ നിന്ന് പിന്നോട്ട് വലിച്ചു.