തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ച് വശത്താക്കി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചാലക്കുടി ചട്ടിക്കുളം സ്വദേശി സ്റ്റെഫിൻ (25), പുതുക്കാട് സ്വദേശി സിൽജോ (33) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി സ്റ്റെഫിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി രാത്രി പീഡനത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയുടെയും വീട്ടുകാരുടെയും പരാതിയെ തുടർന്ന് ചേർപ്പ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്റ്റെഫിനെ തിങ്കളാഴ്ച രാത്രിയും, സിൽജോയെ ചൊവ്വാഴ്ചയുമാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.