പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ ധ്വജ നിർമാണത്തിനുള്ള തേക്ക് മരം സമർപ്പണം നടന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് സമർപ്പണ സഭ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത്.
നിലം തൊടാതെ, മനുഷ്യപ്രയത്നത്തിലൂടെയാണ് തേക്ക് മരം ക്ഷേത്രത്തിലെത്തിച്ചത്. വാഹനത്തിൽ നിന്ന് മതിൽഭാഗം ശ്രീവല്ലഭ സേനാംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ തേക്ക് മരം നിലം തൊടാതെ മനുഷ്യപ്രയത്നത്തിലൂടെ ക്ഷേത്രത്തിന്റെ മുൻപിലെ കഥകളി മണ്ഡപത്തിൽ ഇറക്കിവച്ചു. ക്ഷേത്ര തന്ത്രിമാരായ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെയും അഗ്നി ശർമൻ വാസുദേവൻ ഭട്ടതിരിയുടെയും നേതൃത്വത്തിൽ തേക്ക് മരത്തിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടത്തി.
പിന്നാലെ ശ്രീവല്ലഭ സേനാംഗങ്ങളും ഭക്തജനങ്ങളും ചേർന്ന് തേക്ക് മരം കയ്യിലേന്തി ക്ഷേത്രത്തിന് ചുറ്റും വലംവെച്ച് പ്രത്യേകം തയ്യാറാക്കിയ ശിൽപനിലയത്തിലെത്തിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ, അമൃതാനന്ദമയി മഠം മഠാധിപതി ഭവ്യാമൃത പ്രാണ, ആർഎസ്എസ് മുതിർന്ന പ്രചാരക് കെ.കൃഷ്ണൻകുട്ടി, ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ അനി ജി.നായർ , ക്ഷേത്ര തന്ത്രിയും പരിഹാര കമ്മിറ്റി ചെയർമാനുമായ അക്കീരമൺ കാളിദാസ ഭട്ടതിരി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ക്ഷേത്രത്തിലെ ദേവപ്രശ്നപരിഹാര ക്രിയകളുടെ ഭാഗമായി ദേവഹിതം അനുസരിച്ചാണ് പുതിയ ധ്വജസ്തംഭം സ്ഥാപിക്കുന്നത്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പാതാമ്പുഴ മന്നം എടാട്ട് എഎൻ ഗോവിന്ദൻ നായരുടെ പുരയിടത്തിലെ തേക്കാണ് കൊടി മരത്തിനായി മുറിച്ചത്. 75 വർഷത്തിലധികം പ്രായമുള്ള മരത്തിന് 60 അടി ഉയരവും 80 ഇഞ്ച് വണ്ണവുമാണുള്ളത്. നായർ സർവീസ് സൊസൈറ്റി ആണ് വല്ലഭ ക്ഷേത്രത്തിലെ കൊടി മരത്തിനായുള്ള തേക്ക് മരം സമർപ്പിക്കുന്നത്.