സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ ഓരോ ചലച്ചിത്രങ്ങളും സിനിമാ പ്രേമികളുടെ മനസിൽ മായാതെ നിലനിൽക്കുന്നതാണ്. പുതിയ സിനിമകളെക്കാൾ പഴയ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുമ്പോൾ ആരാധകരുടെ ആവേശം തിരത്തല്ലുന്നത് തലൈവരുടെ ബാഷയിലൂടെയും മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ സ്ഫടികത്തിലൂടെയും കണ്ടതാണ്. അതേസമയം മുൻനിര നായകന്മാരുടെ പിറന്നാളിനോടനുബന്ധിച്ചും മറ്റും ലിമിറ്റഡ് റീ റിലീസ് ഉണ്ടാകാറുണ്ട്. അത്തരത്തിൽ 16 വർഷങ്ങൾക്ക് മുൻപ് കാണികളെ ഹരം കൊള്ളിച്ച തലൈവരുടെ മറ്റൊരു ചിത്രമാണ് വീണ്ടും പ്രേക്ഷകരിൽ ആവേശം പടർത്താൻ എത്തുന്നത്.
2007-ൽ ശങ്കർ സംവിധാനം ചെയ്ത് പുറത്തിങ്ങിയ ശിവാജി: ദി ബോസ് ആണ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്. ഡിസംബർ 12-ന് തലൈവരുടെ ജന്മദിനത്തിലാണ് തമിഴ്മന്നൻ നിറഞ്ഞാടിയ ശിവാജി ദ ബോസ് എത്തുന്നത്. ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമാണ് ചിത്രം പ്രദർശനത്തിനായി എത്തുന്നത്. ഡിസംബർ 9-ന് ചിത്രം വീണ്ടും റീ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമ പ്രേമികളുടെ സ്വന്തം തലൈവരും തമിഴകത്തിന്റെ ശ്രിയ ശരണും വീണ്ടും തിയേറ്ററുകളിൽ എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.















