ന്യൂഡൽഹി: ഇസ്രായേൽ ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് റൈസി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന എല്ലാ നടപടികളും അവസാനിപ്പിക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്നും, ഇന്ത്യ തങ്ങളുടെ ശേഷി ഉപയോഗിക്കണമെന്നും റൈസി പറഞ്ഞു.
” ഇസ്രായേലിന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങൾ നിർത്തി വയ്‌ക്കാൻ, ഇന്ത്യ അവരുടെ കഴിവുകൾ പൂർണമായും ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിനിർത്തൽ നടപ്പാക്കിയാൽ ദുരിതബാധിതർക്ക് അവശ്യ സഹായങ്ങൾ കൈമാറാൻ സാധിക്കും. ഇതിനായി ഇന്ത്യയുടെ ഇടപെടൽ ആവശ്യമാണെന്നും” റൈസി പറയുന്നു. മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ ഇരു നേതാക്കളും ആശങ്ക അറിയിച്ചു.
അടിയന്തര വെടിനിർത്തൽ നടപ്പാക്കണം, ഗാസയിലേക്ക് സഹായം എത്തിക്കണം തുടങ്ങിയ ഇറാന്റെ ആവശ്യങ്ങൾക്ക് ലോകരാജ്യങ്ങൾ പിന്തുണ നൽകുന്നുണ്ടെന്നും റൈസി പറയുന്നു. അതേസമയം ഇസ്രായേൽ പാലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗാസയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും, അവിടേക്ക് മാനുഷിക സഹായം കൈമാറേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ചബഹാർ തുറമുഖത്തിന്റെ കാര്യത്തിലുൾപ്പെടെ ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതിയെ കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.















