കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷ് പിടിയിൽ. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നലെ രാത്രിയാണ് ഇയാൾ പിടിയിലായത്. നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. തൃക്കാക്കര, പനങ്ങാട് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയാണ് മരട് അനീഷ് എന്നറിയപ്പെടുന്ന് അനീഷ് ആന്റണി. കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരു വലിയ ഗുണ്ടാ സംഘത്തിന്റെ മുഖ്യകണ്ണി കൂടിയാണ് ഇയാൾ. കുഴൽപ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രമണം തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
കൊച്ചി ഡി.സി.പി, എ.സി, തേവര ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അനീഷിനെ പിടികൂടിയത്. ഇയാളെ ഡിസ്ചാർജ് ചെയ്യുന്നതുവരെ ആശുപത്രിയ്‌ക്ക് പുറത്ത് വൻ പോലീസ് സന്നാഹത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ വാളയാർ അതിർത്തിക്ക് സമീപത്ത് വച്ച് സിനിമാസ്റ്റൈലിൽ പോലീസ് അനീഷിനെ പിടികൂടിയതും വാർത്തയായിരുന്നു.















