ടെൽ അവീവ്: ഹോളിവുഡ് നടി ആഞ്ജലീന ജോളി നടത്തിയ ഇസ്രായേൽ- ഹമാസ് യുദ്ധ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രസിഡന്റ് ഐസക്ക് ഹെർസോഗ്. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് നടിയെ തള്ളി പ്രസിഡന്റ് രംഗത്ത് വന്നത്. ഇസ്രായേൽ- ഹമാസ് യുദ്ധത്തിന്റെ ആദ്യ ദിനം സംഭവിച്ചതെന്തെന്നും അഭിമുഖത്തിൽ ഹെർസോഗ് വ്യക്തമാക്കി. ഇസ്രായേൽ നേരിട്ട ഏറ്റവും നിഷ്ഠൂരമായ ആക്രമണമായിരുന്നു ഹമാസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാഷ്‌ട്രങ്ങളിലേക്ക് കുടിയേറ്റത്തിന് സാധിക്കാതെ ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന ഒരു വിഭാഗം ആളുകൾക്ക് നേരെ മനപൂർവ്വം ബോംബാക്രമണം നടത്തുകയാണെന്നും ലോക രാജ്യങ്ങൾക്ക് ഈ ക്രൂരത മനസ്സിലാകുന്നുണ്ടെന്നുമായിരുന്നു ഇസ്രായേലിനെതിരെ ആഞ്ജലീന സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
എന്നാൽ, ഗാസ സന്ദർശിക്കാതെയാണ് നടി ആഞ്ജലീന ജോളി യുദ്ധത്തെപ്പറ്റി പ്രതികരിച്ചിരിക്കുന്നതെന്ന് ഐസക്ക് ഹെർസോഗ് തുറന്നടിച്ചു.”ഞാൻ പൂർണമായും അവരുടെ വാദങ്ങളെ തള്ളുകയാണ്. എന്റെ കാഴ്ചപ്പാടിൽ യുദ്ധം നടക്കുന്ന ഗാസ അവർ ഇതുവരെയും സന്ദർശിച്ചിട്ടില്ല. അവിടെച്ചെന്ന് വസ്തുതകൾ മനസിലാക്കിയാൽ അവർക്ക് കാര്യങ്ങൾ മനസിലാകും. ഗാസയിൽ ഇപ്പോഴും യുദ്ധം നടക്കുന്നുണ്ട്. പക്ഷേ യുദ്ധത്തെ അതിജീവിക്കാൻ കഴിയാത്ത മാനുഷിക പ്രതിസന്ധികളൊന്നും അവിടുത്തെ ജനങ്ങളെ അലട്ടുന്നില്ല.” ഹെർസോഗ് വ്യക്തമാക്കി.
ഹമാസിനെ ഇറാൻ പിന്തുണക്കുന്നതു കൊണ്ടാണ് ഗാസ തടവറയായി മാറിയത്. അതിനാൽ ഭീകരവാദത്തിന്റെ കേന്ദ്രമായി ഇപ്പോൾ ഇവിടം മാറിയെന്നും ഹെർസോഗ് കൂട്ടിച്ചേർത്തു. ഇസ്രായേൽ – ഹമാസ് യുദ്ധം അവസാനിക്കുന്നതോടെ ഗാസയിലെ ജനങ്ങൾക്ക് സമാധനവും സുരക്ഷയും ഉറപ്പുവരുത്തുന്ന ജീവിതം ലഭിക്കും. മറ്റൊരു ഭരണത്തിലൂടെ ഈ മാറ്റങ്ങൾ ആസ്വദിക്കാൻ ഈ ജനതയെ പ്രാപ്തരാക്കും. സാധാരണക്കാരെ യുദ്ധത്തിന്റെ ഇരയാക്കരുതെന്ന് എന്നോട് പറയുന്നവരാണ് നിങ്ങൾ. പക്ഷേ ഒരു യുദ്ധത്തിലൂടെ മാത്രമേ ഭീകരരെ ഉന്മൂലനം ചെയ്ത് ജനങ്ങൾക്ക് മികച്ച ജീവിതം ഉറപ്പുവരുത്താൻ ഇസ്രായേലിന് സാധിക്കൂ. അതിന് എല്ലാവരുടെയും പിന്തുണ ഇസ്രായേലിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മകളുടെ പരാമർശത്തിൽ താൻ നിരാശനാണെന്ന് ആഞ്ജലീന ജോളിയുടെ പിതാവ് ജോൺ വോയിറ്റ് വ്യക്തമാക്കി. ‘പലരെയും പോലെ, എന്റെ മകൾക്കും ദൈവത്തെയും ദൈവത്തിന്റെ സത്യങ്ങളെയും കുറിച്ച് ധാരണയില്ലാത്തതിൽ ഞാൻ നിരാശനാണ്. ഇത് വിശുദ്ധ ഭൂമിയുടെ ചരിത്രത്തെ നശിപ്പിക്കുന്നതിനെക്കുറിച്ചാണ്. പുണ്യഭൂമിയിലെ ദൈവത്തിന്റെ മക്കൾക്കുള്ള നീതിയാണിത്. ഇസ്രായേൽ ഭരണകൂടത്തിനും സൈന്യത്തിനും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനുളള അവകാശമുണ്ട്. ഇതു യുദ്ധമായതിനാൽ ഹമാസ് അനുകൂലികളായ ഇടത് ചിന്തകർ വിചാരിക്കുന്നത് പോലെയുള്ള ഫലം ലഭിക്കില്ലെന്നും,’ അദ്ദേഹം എക്‌സിൽ കുറിച്ചു.
നിഷ്‌കളങ്കരായ കുഞ്ഞുങ്ങളാണ് ഗാസയിൽ കൊല്ലപ്പെട്ട 40 ശതമാനത്തിൽ അധികവും. ഇസ്രായേൽ ഗാസയിലെ കുടുംബങ്ങളെയൊന്നാകെ കൊന്നൊടുക്കുകയാണ്. നിരവധി രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഈ നടപടിയെ ലോകരാജ്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് പാലസ്തീൻക്കാരാണ് ഈ ക്രൂരതയെ തുടർന്ന് ശിക്ഷിക്കപ്പെടുന്നത്. ഭക്ഷണം, മരുന്ന്, സഹായങ്ങൾ എന്നിവ ലഭ്യമാക്കാതെ അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഈ യുദ്ധം നടക്കുന്നത്. വെടിനിർത്തലിനുള്ള ആവശ്യത്തെ ഇല്ലാതാക്കി ഐക്യരാഷ്‌ട്രസഭയിൽ വെടിനിർത്തലിനുള്ള പ്രമേയത്തെ തള്ളിയും ലോകനേതാക്കൾ ഈ കുറ്റകൃത്യത്തിന്റെ പങ്കാളികളായി എന്നാണ് ആഞ്ജലീനയുടെ പോസ്റ്റ്.















