തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യശസ്സ് വർദ്ധിപ്പിക്കാനെന്ന പേരിൽ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടത്തിയ കേരളീയം പരിപാടി അവസാനിക്കുമ്പോൾ കേരളത്തിന് തന്നെ അപമാനകരമാവുന്ന പല കാര്യങ്ങളുമാണ് അതിൽ നടന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നമ്മുടെ നാടിന്റെ തന്നെ ഏറ്റവും വലിയ അഭിമാന സ്തംഭം ആയിട്ടുള്ള വനവാസി വിഭാഗങ്ങളെ പച്ചയായി അപമാനിക്കുന്ന നടപടിയാണ് കേരളീയത്തിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
‘വനവാസി ഗോത്ര ജനവിഭാഗങ്ങളെ വികൃതമായ രീതിയിൽ വേഷം കെട്ടിച്ച് അവരെ പരസ്യമായി പൊതുസമൂഹത്തിനു മുൻപിൽ അപമാനിക്കുന്ന പ്രകടനമാണ് അവിടെ നടന്നത്. കേരളത്തിലെ ഗോത്ര സമൂഹത്തിന്റെ സ്വത്വത്തിന് നേരെ അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായത്. ഒരു ജനവിഭാഗത്തെ ആകെ ആക്ഷേപിച്ച് പരിഹാസ കഥാപാത്രമാക്കുന്ന നിലപാടാണ് അവിടെ ചിത്രീകരിക്കപ്പെട്ടത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിന് സംഘാടകർ ആദിവാസി ഗോത്ര ജനവിഭാഗങ്ങളോട് മാപ്പ് പറയണം.
മുഖ്യമന്ത്രി അവകാശപ്പെട്ടത് കേരളത്തെ അന്തർദേശീയ തലത്തിൽ പരിചയപ്പെടുത്താൻ സഹായകരമാകുന്ന നിലയിൽ പ്രമുഖരായിട്ടുള്ള വ്യക്തിത്വങ്ങൾ കേരളീയത്തിൽ അണിചേരുമെന്നാണ്.
പക്ഷേ ഇതുവരെ നാം കണ്ടത് ഏതാനും ചലച്ചിത്ര താരങ്ങളെ മാത്രമാണ്. കേരളത്തെ എല്ലാ നിലയിലും വിദ്യാഭ്യാസം, സാമൂഹികം, സാമ്പത്തികം, ഈ മേഖലകളിലെല്ലാം ലോകത്തിനു പരിചയപ്പെടുത്താൻ കഴിയുന്ന തരത്തിൽ പ്രമുഖരായിട്ടുള്ള വ്യക്തികൾ അണിനിരക്കും എന്നാണ് പറഞ്ഞത്.
കേരളീയത്തിന്റെ ചിലവ് ഒരു നിക്ഷേപം ആണെന്നാണ് ധനകാര്യ മന്ത്രിയും സിപിഎം നേതാക്കളും പറഞ്ഞത്. ഇപ്പോൾ ചിലവഴിക്കുന്നതിന്റെ നഷ്ടം നിങ്ങൾ കാണേണ്ട ആവശ്യമില്ല. അതൊരു നിക്ഷേപമായി കണക്കാക്കിയാൽ മതിയെന്നായിരുന്നു വാദം.
പക്ഷേ കേരളത്തിലേക്ക് എന്തെങ്കിലും പുതിയ നിക്ഷേപങ്ങൾ വരുന്ന രീതിയിലുള്ള ഒരു ഇടപെടലും ഈ കേരളീയത്തിൽ ഉണ്ടായിട്ടില്ല. ഒരു നിക്ഷേപകനും ഈ കേരളത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നുള്ളതാണ് സത്യം. ഇതൊരു പച്ചയായിട്ടുള്ള കാപട്യമായിരുന്നു. ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു നാടകം മാത്രമായിരുന്നു എന്നാണ് മനസ്സിലാകുന്നത്. മാത്രമല്ല മാനവീയം വീഥിയിൽ രാത്രി മുഴുവൻ ജനങ്ങൾക്ക് ആസ്വദിക്കാനുള്ള തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത് എന്ന് പറഞ്ഞാണ് യുവതി- യുവാക്കളെ അങ്ങോട്ട് ക്ഷണിച്ചത്. പക്ഷേ അവിടെ എത്തിയ യുവതി യുവാക്കൾക്ക് നേരിടേണ്ടി വന്നത് ഭീകരമായിട്ടുള്ള ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണമാണ്.
കേരളത്തിലെ യഥാർത്ഥ ചിത്രം ലോകത്തിനു മുമ്പിൽ കാണിച്ചു കൊടുക്കാൻ വേണ്ടിയും, കേരളത്തിന്റെ സാംസ്‌കാരിക തനിമ, കേരളത്തിന്റെ ഉദാത്തമായിട്ടുള്ള പൈതൃകം ഇതെല്ലാം ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കാനുമാണ് കേരളീയം എന്നാണ് മുഖ്യമന്ത്രി അടക്കം പറഞ്ഞത്. പക്ഷേ നാട്ടുകാർ കണ്ടത് മയക്കുമരുന്ന് സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും അവിടെ ഏറ്റുമുട്ടുന്നതാണ്. അവിടെ നിരവധി ആളുകൾക്ക് പരിക്ക് പറ്റി എന്നത് മാത്രമാണ് നേട്ടം. കോടിക്കണക്കിന് രൂപയുടെ ധൂർത്താണ് നടന്നിരിക്കുന്നത്. ഇന്നലെ പുറത്തു വന്നിരിക്കുന്ന ഒരു വിവരം ഇവിടുത്തെ കരാറുകാരിൽ നിന്നും ക്വാറിക്കാരിൽ നിന്നുമൊക്കെ ഭീഷണിപ്പെടുത്തി കാശ് വാങ്ങുന്നുവെന്നാണ്.
ഇരുപത്തിയഞ്ച് ലക്ഷം രൂപ വാങ്ങിയ ഒരു കേസ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഉദ്യോഗസ്ഥന്മാരെ കൊണ്ട് വിളിപ്പിക്കുകയാണ്. അങ്ങനെ കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുത്തിരിക്കുന്നത്. മാർക്‌സിസ്റ്റ് പാർട്ടി നേതാക്കന്മാർക്കും മന്ത്രിമാർക്കും കോടിക്കണക്കിന് രൂപ ഇങ്ങനെ പിരിച്ചെടുക്കാൻ ആരാണ് ഈ കാര്യത്തിൽ അവസരം കൊടുത്തത്? എങ്ങനെയാണ് ഇവർക്ക് ഇങ്ങനെ ആളുകളെ ഭീഷണിപ്പെടുത്തി ഇതിന്റെ പേരിൽ പണം പിരിക്കാൻ സാധിക്കുന്നത്? കേരളീയത്തിന്റെ നടത്തിപ്പിന്റെ കാര്യങ്ങൾ നോക്കാൻ ഏൽപ്പിച്ചിരിക്കുന്നത് തിരുവനന്തപുരം മേയറെയാണ്.
തിരുവനന്തപുരം മേയർ ആണ് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നടക്കാത്ത കാര്യത്തിന് ലക്ഷക്കണക്കിന് രൂപ എഴുതി വാങ്ങിയത്. ജെസിബി ഉപയോഗിച്ചു, ലോറികൾ ഉപയോഗിച്ചു, വാഹനങ്ങൾ ഉപയോഗിച്ചു, വാടകയ്‌ക്കെടുത്തു എന്നൊക്കെ പറഞ്ഞ് നടക്കാത്ത മാലിന്യ നിർമ്മാർജ്ജനത്തിന് ലക്ഷക്കണക്കിന് രൂപ എഴുതി എടുത്ത തിരുവനന്തപുരം മേയർക്ക് തന്നെയാണ് ഈ കാര്യങ്ങളുടെ മൊത്തം മേൽനോട്ടത്തിന്റെ ചുമതല കൊടുത്തിരിക്കുന്നത്. ഉദ്ദേശം വളരെ വ്യക്തമാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ പാർട്ടി നേതാക്കൾക്കും സർക്കാർ ഖജനാവ് ഉപയോഗിച്ച് കോടിക്കണക്കിന് രൂപ കൊള്ള നടത്തണം. ‘- എന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി.















