മുംബൈ: അഫ്ഗാൻ ടീമിനെ മാത്രമായിരുന്നില്ല ക്രിക്കറ്റ് ആരാധകരുടെ മനസുകൂടിയാണ് മാക്‌സ് വെൽ കീഴടക്കിയത്. ഒരു യോദ്ധാവിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ അടിയറവ് പറയുകയല്ലാതെ മറ്റൊരു വഴിയും ഇല്ലാത്ത നിരായുധരായിരുന്നു അഫ്ഗാനിസ്ഥാൻ. വാങ്കഡെ സ്റ്റേഡിയത്തിൽ അഫ്ഗാനായി ആർപ്പുവിളിച്ചവർ മാക്‌സിയുടെ നിശ്ചയദാർഢ്യത്തിന്റെ ആരാധകരാവുന്നതാണ് പിന്നീട് കണ്ടത്. മാക്‌സ് വെല്ലിന്റെ ക്യാച്ച് രണ്ടുവട്ടം നിലത്തിട്ട അഫ്ഗാൻ സെമി പ്രതീക്ഷകളുമാണ് കൈവിട്ടത്. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. മത്സരത്തിൽ മൂന്ന് തവണയാണ് വലംകയ്യൻ ബാറ്റർക്ക് ജീവൻ ലഭിച്ചത്. ഈ വിജയത്തോടെ ഓസ്‌ട്രേലിയ സെമിയിൽ പ്രവേശിച്ചു. ആദ്യം നങ്കൂരമിട്ട് കളിച്ച മാക്‌സ് വെൽ പിന്നീട് അഫ്ഗാൻ ബൗളർമാരെ കടന്നാക്രമിച്ച് ഇരട്ട സെഞ്ച്വറിയുമായി ലോകകപ്പിലെ നാലാം സെഞ്ച്വറി നേടുകയായിരുന്നു. 74 പന്തിൽ നിന്നായിരുന്നു താരം സെഞ്ച്വറി നേടിയത്. 21 ഫോറും 10 സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
ഈ ലോകകപ്പിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. അതുപോലെ ലോകകപ്പ് ചേസിംഗിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറുമാണിത്. പേശിവലിവ് മൂലം വേദന അനുഭവിച്ചിട്ടും തളരാതെയാണ് മാക്സ്വെൽ ക്രീസിലുണ്ടായിരുന്നത്. ഒരു ഘട്ടത്തിൽ 91 റൺസിന് ഏഴുവിക്കറ്റ് എന്ന നിലയിൽ പതറിയെ ഓസീസിനെ മാക്‌സ്വെല്ലിന്റെ ഒറ്റയാൾ പോരാട്ടമാണ് വിജയത്തിലേക്ക് നയിച്ചത്. പാറ്റ് കമ്മിൻസിനെ കൂട്ടുപിടിച്ചാണ് മാക്സ്വെൽ പൊരുതിയത്.
ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിലെ ആദ്യ ഓവറിൽ തന്നെ അഫ്ഗാനിസ്ഥാൻ വിക്കറ്റ് വേട്ട തുടങ്ങി. നവീൻ ഉൾ ഹക്കാണ് ട്രാവിസ് ഹെഡിനെ(0) വിക്കറ്റിന് മുന്നിൽ കുടുക്കിയത്. 11 പന്തിൽ 24 റൺസെടുത്ത മിച്ചൽ മാർഷിനെയും അഞ്ചാം ഓവറിൽ നവീൻ കൂടാരം കയറ്റി. പിന്നീട് ഡേവിഡ് വാർണറെ(18)യും ജോഷ് ഇൻഗ്‌ളിസി(0)ന്റെയും വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. വാർണറിനെയും, ഇൻഗ്‌ളിസിനെയും അബ്ദുളള ഒമർസായിയാണ് പുറത്താക്കിയത്. തുടർന്ന് നിലയുറപ്പിക്കാൻ ശ്രമിച്ച ലെബുഷെയ്‌നെ(14)യും 14 -ാം ഓവറിൽ റഹ്‌മത് ഷാ പറഞ്ഞയച്ചു. മാർക്കസ് സ്‌റ്റോയിനിസും(6) പുറത്തായതോടെ ഓസീസ് തോൽവി മണത്തു. പിന്നീട് ക്രീസിൽ ഒന്നിച്ച മിച്ചൽ സ്റ്റാർക്കും ഗ്ലെൻ മാക്‌സ്വെല്ലും ചേർന്ന് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സ്റ്റാർക്കിനെ(3) പുറത്താക്കി റാഷിദ് ഖാൻ ഓസീസിന് അടുത്ത പ്രഹരം നൽകി. ക്രീസിൽ നിലയുറച്ച പാറ്റ് കമ്മിൻസും മാക്‌സ് വെല്ലും ചേർന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 170 പന്തിൽ നിന്ന് 202 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.
ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് അടിച്ചെടുത്തത്. സദ്രാന് (129*) പുറമെ 18 പന്തിൽ 35 റൺസെടുത്ത റാഷിദ് ഖാനാണ് അഫ്ഗാൻ ഇന്നിംഗ്‌സിന് കരുത്തുപകർന്നത്. റഹ്‌മാനുള്ള ഗുർബാസിനെ (21) പവർപ്ലേയ്‌ക്കുള്ളിൽ തന്നെ നഷ്ടമായെങ്കിലും റഹ്‌മത്ത് ഷായെ കൂട്ടുപിടിച്ച് സദ്രാൻ അഫ്ഗാനെ മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ ഷായുമായി 83 റൺസ് താരം ചേർത്തു. 30 റൺസെടുത്ത ഷായെ പുറത്താക്കി ഗ്ലെൻ മാക്‌സ്വല്ലാണ് കൂട്ടുകെട്ട് പൊളിച്ചത്. നായകൻ ഹഷ്മത്തുള്ള ഷഹീദിക്കൊപ്പം 52 റൺസും സദ്രാൻ കണ്ടെത്തി.
അസ്മത്തുള്ള ഒമർസായി (22), മുഹമ്മദ് നബി (12) എന്നിവർ കാര്യമായി തിളങ്ങാതെ മടങ്ങിയെങ്കിലും സദ്രാൻ സ്‌കോർബോർഡ് ചലിപ്പിക്കുന്നത് തുടർന്നു. 44-ാം ഓവറിലെ അവസാന പന്തിലായിരുന്നു സദ്രാൻ മൂന്നക്കം തൊട്ടത്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാനിസ്താൻ താരമെന്ന റെക്കോഡും സദ്രാൻ സ്വന്തം പേരിൽ കുറിച്ചു. താരത്തിന്റെ ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറിയാണിത്.
പിന്നീട് റാഷിദ് ഖാനും സദ്രാനും കൂടി പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്‌സൽവുഡും ചേർന്ന ഓസീസ് പേസ് നിരയെ കണക്കിന് പ്രഹരിച്ചു. 143 പന്ത് നീണ്ട സദ്രാന്റെ ഇന്നിങ്‌സിൽ എട്ട് ഫോറും മൂന്ന് സിക്‌സും ഉൾപ്പെട്ടു. മൂന്ന് സിക്‌സും രണ്ട് ഫോറും ഉൾപ്പടെയാണ് റാഷിദ് 35 റൺസെടുത്തത്.ഓസ്‌ട്രേലിയക്കായി ജോഷ് ഹെയ്‌സൽവുഡ് രണ്ട് വിക്കറ്റ് നേടി. മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്‌സ്വൽ, ആദം സാമ്പ എന്നിവരാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്.