ന്യൂഡൽഹി: ടെസ്ല മേധാവി ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. അമേരിക്കയിൽ വച്ച് കൂടിക്കാഴ്ച നടത്താനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ചുവട് ഉറപ്പിക്കാനുള്ള ടെസ്ലയുടെ നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഇരുവരും തമ്മിൽ ചർച്ച നടത്താനൊരുങ്ങുന്നതെന്നാണ് വിവരം.
ഇക്കഴിഞ്ഞ ജൂണിൽ ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, താൻ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അതിന് ശേഷം നടക്കാൻ പോകുന്ന ഉന്നതതല കൂടിക്കാഴ്ചയാണ് ഇത്. ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച് കാറുകൾ നിർമ്മിക്കാനും, രാജ്യത്തുടനീളം ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനുമാണ് ടെസ്ല പദ്ധതി ഇടുന്നത്.
കുറഞ്ഞ നികുതി നിരക്കിൽ ടെസ്ലയുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ടെസ്ലയ്‌ക്ക് അനുമതി നൽകുന്ന കാര്യവും ചർച്ചയായേക്കും. പുതിയ ഇവി നയം നടപ്പാക്കുന്നത് വഴി ഇത് സാധ്യമായേക്കും. ഇവി നയത്തിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസ് വിവിധ മന്ത്രാലയങ്ങളുമായി ചർച്ച നടത്തിയിരുന്നു. അതേസമയം കൂടിക്കാഴ്ചയെ കുറിച്ച് വാണിജ്യ മന്ത്രാലയമോ ടെസ്ലയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.