കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷ സംബന്ധിച്ച് പോക്സോ കോടതിയിൽ വാദം പുരോഗമിക്കുന്നു. ശിക്ഷയെക്കുറിച്ച് എന്ത് പറയാനുണ്ടെന്ന് കോടതി ചോദിച്ചപ്പോൾ നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു പ്രതിയുടെ പ്രതികരണം. തന്റെ ഒപ്പമുണ്ടായിരുന്നവരെ വെറുതെവിട്ടു, അതുകൊണ്ട് തന്നെയും വെറുതെ വിടണമെന്ന് അസ്ഫാക് ആലം പ്രതികരിച്ചു. വധശിക്ഷയ്‌ക്ക് പര്യാപ്തമായ കുറ്റങ്ങളാണ് പ്രതിയ്‌ക്കെതിരെയുള്ളതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 16 കുറ്റങ്ങളിൽ 3 കുറ്റങ്ങൾ പോക്സോയിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലും ഒരു പോലെയെന്ന് പോക്സോ കോടതി അറിയിച്ചു. അതിനാൽ കൂടിയ ശിക്ഷയേതാണോ അത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
അപൂർവ്വങ്ങളിൽ അപൂർവ്വമായി കേസ് പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. സുപ്രീം കോടതിയുടെ മുൻകാല വിധികൾ പ്രോസിക്യൂഷൻ ഉദ്ധരിച്ചു. ആസൂത്രിതമായ കൊലപാതകമായിരുന്നു. അതിനാൽ പ്രതിക്ക് വധശിക്ഷ നൽകുന്നതിന് പ്രായം ഒരു പ്രശ്നമായി പരിഗണിക്കരുത്. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും പ്രോസിക്യൂഷൻ വിശദീകരിച്ചു. ഒരു പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തതിലൂടെ പ്രതിയുടെ സ്വഭാവമാണ് വ്യക്തമാകുന്നത്. പ്രതിയുടെ ഇത്തരം ക്രൂര സ്വഭാവത്തിന് ചികിത്സയില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
നിഷ്കളങ്കയായ കുഞ്ഞിനോടാണ് പ്രതി ക്രൂരത കാട്ടിയത്. പ്രതി ഇല്ലാതാക്കിയത് കുഞ്ഞിന്റെ നിഷ്കളങ്കതയെ കൂടിയാണ്. മാലിന്യക്കൂമ്പാരത്തിലേക്ക് കുഞ്ഞിന്റെ തല പൂഴ്ത്തി. മദ്യം കൂടുതൽ നൽകിയതു കൊണ്ട് കുഞ്ഞിന് കരയാൻ പോലും സാധിച്ചില്ല. മലിനമായ ജീവവായു പോലും ശ്വസിക്കാൻ കുഞ്ഞിനെ പ്രതി അനുവദിച്ചില്ല. മൃതദേഹത്തോട് മനുഷ്യത്വരഹിതമായ ക്രൂരതയാണ് കാട്ടിയത്. യാതൊരു തരത്തിലുള്ള മാനസിക പരിവർത്തനവും പ്രതിക്ക് ഉണ്ടാകാനിടയില്ല. ഇന്നത്തെ ദിവസവും പ്രതിയിൽ യാതൊരു മാനസിക മാറ്റവും ഉണ്ടായിട്ടില്ല. അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാനുള്ള എല്ലാ ഘടകങ്ങളും ഈ കേസിലുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷൻ പ്രതിക്ക് വധശിക്ഷ നൽകണമെന്ന വാദത്തിലുറച്ചു നിന്നു.
കൊലപാതകരീതി അതിക്രൂരമായിരുന്നു. കുട്ടികളോട് ലൈംഗികാതിക്രമം ചെയ്യാനുള്ള വികാരമായിരുന്നു കുറ്റകൃത്യത്തിന്റെ പ്രേരണ. കുറ്റകൃത്യത്തിൽ നിന്നും പ്രതിയുടെ സാമൂഹിക വിരുദ്ധ സ്വഭാവം വ്യക്തമാകുന്നു. ഇത്തരം ക്രൂരകൃത്യങ്ങൾക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. കുട്ടികൾക്ക് കുട്ടികളായി വളരാനുള്ള സാഹചര്യം സമൂഹത്തിൽ വിരളമായി മാറും. കുട്ടികളെ സ്വതന്ത്രമായി കളിക്കാൻ വിടാൻ പോലും മാതാപിതാക്കൾ ഭയപ്പെടും. കുറ്റകൃത്യത്തിന്റെ ക്രൂരത കാരണം പ്രതിയെ കൈകാര്യം ചെയ്യാൻ പോലും ആളുകൾ തയ്യാറായി. മറ്റൊരു കുറ്റകൃത്യം ചെയ്യുകയാണെന്നറിഞ്ഞു കൊണ്ട് ആളുകൾ അത്തരം പ്രവൃത്തികൾക്ക് തയ്യാറാകുന്നത് നീതി ലഭിക്കാൻ വേണ്ടിയാണ്. പ്രതിക്ക് മാനസാന്തരം വരുമെന്ന് കരുതി ശിക്ഷ വിധിച്ചാൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആളെ വെടിവച്ച് കൊന്ന അച്ഛന്റെ കേസും വാദമായി ഉന്നയിച്ചു.















