ഒരു ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമായ ബോളിവുഡ് താരം ബോബി ഡിയോൾ തെന്നിന്ത്യൻ ചിത്രങ്ങളിലേയ്ക്ക് ചുവടുറപ്പിക്കുന്നു. സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിലാണ് ബോബി ഡിയോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ സൂര്യയുടെ വില്ലാനായിട്ടാകും അദ്ദേഹമെത്തുക.
ഈ മാസം തന്നെ താരം കങ്കുവയുടെ ചിത്രീകരണത്തിനായി എത്തുമെന്നാണ് റിപ്പോർട്ട്. നേരത്തേ പവൻ കല്യാൺ ചിത്രമായ ഹരിഹര വീര മല്ലുവിൽ ബോബി ഡിയോൾ വില്ലനായെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും പിന്നീടതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അണിയറ പ്രവർത്തകരോ താരമോ അറിയിച്ചിരുന്നില്ല. ഇതോടെയാണ് സംവിധായകൻ ശിവ, ബോബി ഡിയോളിനെ സമീപിച്ചത്. കഥ കേട്ടയുടൻ താരം സമ്മതം പറയുകയായിരുന്നു. കൂടാതെ താരം വലിയൊരു സൂര്യ ആരാധകൻ കൂടിയാണെന്നും അണിയറ പ്രവർത്തകർ പറയുന്നു.
ബോളിവുഡ് താരങ്ങൾ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കുന്നത് ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. അമിതാഭ് ബച്ചനും സൽമാൻ ഖാനും സഞ്ജയ് ദത്തുമെല്ലാം തെലുങ്കിലും തമിഴിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഇക്കൂട്ടത്തിൽ കന്നിക്കാരനാണ് ബോബി ഡിയോൾ.