ന്യൂഡൽഹി: ഡൽഹി-ഗുരുഗ്രാം ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന ഡബിൾ ഡെക്കർ ബസ്സിന് തീപിടിച്ചു. തീപിടത്തിൽ രണ്ട് യാത്രക്കാർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഗുരുഗ്രാം സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30-50 ശതമാനം പൊള്ളലേറ്റിട്ടുണ്ടെങ്കിലും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.
ഡൽഹിയെയും ജയ്പൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന എക്സ്പ്രസ്വേയുടെ സമീപത്തുളള ഝാർസ മേൽപ്പാലത്തിന് അടുത്താണ് അപകടം സംഭവിച്ചത്. എ.ആർ. 01 കെ 7707 നമ്പർ സ്ലീപ്പർ ബസിനാണ് തീ പിടിച്ചത്. അപകട വിവരം അറിഞ്ഞ ഉടനെ തീ അണക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെന്ന് അഗ്‌നിശമനാസേനാ വകുപ്പ് ഡയറക്ടർ ഗുൽഷാൻ കൽറ വ്യക്തമാക്കി. ബസിനെ തീ വിഴുങ്ങുന്നതും ആകാശത്തേക്ക് പുകയുയരുന്നതുമായ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.