വാഷിംഗ്ടൺ: തലയ്‌ക്ക് കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. അമേരിക്കയിലെ വാൽപാറൈസ സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി വരുൺ രാജ് പുച്ചയാണ് (24) മരണത്തിന് കീഴടങ്ങിയത്. സർവ്വകലാശാല അധികൃതരാണ് വരുൺ മരിച്ച വിവരം അറിയിച്ചത്. ഇൻഡ്യാനയിൽ സ്ഥിതിചെയ്യുന്ന ജിമ്മിൽ വച്ച് ഒക്ടോബർ 29-നായിരുന്നു ആക്രമണം. തുടർന്ന് ഫോർട് വെയിൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വരുൺ.
തെലങ്കാനയിലെ ഖമ്മം ജില്ലക്കാരനായ വരുൺ 2022 ലാണ് മാസ്റ്റേഴ്‌സ് പഠനത്തിനായി അമേരിക്കയിലെത്തിയത്. വാൽപരാസോ നഗരത്തിലുള്ള ജിമ്മിൽ ഒക്ടോബർ 29-നായിരുന്നു ജോർദാൻ അൻഡ്രാഡ(24) എന്ന യുവാവ് വരുണിനെ ആക്രമിച്ചത്. ഇയാളെ നിലവിൽ അമേരിക്കൻ പോലീസിന്റെ കസ്റ്റഡിയിലാണ്. ജിമ്മിൽ വച്ച് വരുണിനെ അൻഡ്രാഡ കത്തികൊണ്ട് തലയ്‌ക്ക് കുത്തുകയായിരുന്നു. ഇരുവരും തമ്മിൽ മുൻവൈരാഗ്യമുള്ളതായോ പരിചയമുള്ളതായോ അൻഡ്രാഡ പറഞ്ഞിട്ടില്ലെന്നാണ് പോലീസ് അറിയിക്കുന്നത്. കേസിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
വരുണിന്റെ വേർപാടിൽ അതിയായ ദുഖമുണ്ട്. ഞങ്ങളിലൊരാളെയാണ് അക്രമികൾ കാരണം നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളുടെ പ്രാർഥനയുമുണ്ടാവും. വരുണിന്റെ കുടുംബത്തിനാവശ്യമായ എല്ലാ സഹായവും ഞങ്ങൾ ചെയ്യും. ഞങ്ങളോടൊപ്പം നിങ്ങളുടെ പ്രാർത്ഥനകളിലും വരുണിനെയും കുടുംബത്തെയും ഉൾപ്പെടുത്തണം. – യൂണിവേഴ്സിറ്റി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. നവംബർ 16ന് വാൽപാറൈസ ക്യാമ്പസിൽ വരുൺ അനുസ്മരണ പരിപാടി നടക്കുമെന്നും സർവ്വകലാശാല അധികൃതർ അറിയിച്ചു.















