ചെന്നൈ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ജൂനിയർ എഞ്ചിനീയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത ഏഴ് സീനിയർ വിദ്യാർത്ഥികൾ പിടിയിൽ. കോയമ്പത്തൂരിലെ പി.എസ്.ജി കോളേജ് ഓഫ് ടെക്‌നോളജിയിലെ ഏഴ് എഞ്ചിനീയർ വിദ്യാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റാം സന്തോഷ്, ബി. നവീൻ, എ. മുഹമ്മദ് ദിൽപർഷാ, ജി. ധരണീധരൻ, ബി. ഇയ്യപ്പൻ, എസ്. മണികണ്ഠൻ, പി. നിത്യാനന്ദരാജൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ രണ്ടു പേർ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളും മറ്റൊരാൾ മൂന്നാം വർഷ വിദ്യാർത്ഥിയും ബാക്കിയുള്ളവർ അവസാന വർഷ വിദ്യാർത്ഥികളുമാണ്.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്നാം വർഷ വിദ്യാർത്ഥിയോട് സീനിയർ വിദ്യാർത്ഥികൾ മദ്യം വാങ്ങാൻ പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വിദ്യാർത്ഥി പണം നൽകിയില്ല. ഇതേത്തുടർന്ന് ഏഴുപേർ വിദ്യാർത്ഥിയെ മർദ്ദിക്കുകയും വിവസ്ത്രനാക്കുകയും ചെയ്‌തെന്നാണ് ഇരയുടെ പരാതി. പിറ്റേദിവസം പുലർച്ചെയോടെയാണ് ഹോസ്റ്റൽ മുറിയിൽ നിന്നും സീനിയേഴ്‌സ് മോചിതനാക്കിയതെന്നും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. തുടർന്ന് മാതാപിതാക്കളോട് വിദ്യാർത്ഥി വിവരം പറയുകയും ഉടൻ തന്നെ രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ റാഗ് ചെയ്ത ഏഴുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തു.