ഇന്ത്യൻ ടീമിന്റെ പവർ പാക്ക് പെർഫോർമറായി എന്നും ആരാധകർ ആരാധിക്കുന്ന താരമാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. എന്നാൽ ഇപ്പോൾ താരത്തിന്റെ വെളിപ്പെടുത്തലാണ് സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച വിഷയം. തന്റെ മകനെ ക്രിക്കറ്ററാക്കാൻ ആഗ്രഹമില്ലെന്നാണ് യുവി വെളിപ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളുടെ മക്കൾ മാദ്ധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും വിചാരണയിലൂടെയാണ് കടന്ന് പോകുന്നത്. അവർക്ക് മേൽ സമൂഹത്തിന്റെ ശ്രദ്ധ പതിയുന്നുണ്ട്. അത് കൊണ്ടാണ് തന്റെ മകനെ ക്രിക്കറ്റ് താരമാക്കാൻ ആഗ്രഹിക്കാത്തതെന്നാണ് യുവി പറഞ്ഞത്.
ഞാൻ എന്റെ മകൻ ഒരു ക്രിക്കറ്റ് താരമായി മാറാൻ ആഗ്രഹിക്കുന്നില്ല. ഇന്നത്തെ കുട്ടികൾക്ക് പ്രത്യേകിച്ച് ക്രിക്കറ്റ് താരങ്ങളുടെ മക്കൾക്ക് മേലുളള സമ്മർദ്ദം കൂടുതലാണെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ പൊതുസമൂഹവും മാദ്ധ്യമങ്ങളും അവരെ മാതാപിതാക്കളുടെ കരിയറുമായി താരതമ്യം ചെയ്യുകയാണ്. അതിനെ അതിജീവിക്കുക എന്നത് അവർക്ക് ചിലപ്പോൾ എളുപ്പമായിരിക്കില്ലെന്നാണ് യുവി പറഞ്ഞത്. എന്നാൽ തന്റെ മകന് ക്രിക്കറ്റിൽ അതീവ താത്പര്യമുണ്ടെന്നും അവന് അതാണ് ഇഷ്ടമെങ്കിൽ മകനെ പിന്തുണയ്‌ക്കുമെന്നും താരം കൂട്ടിച്ചേർത്തു.
തനിക്ക് ഗോൾഫ് ഇഷ്ടമായതിനാൽ മകന് ഗോൾഫ് പരിശീലിപ്പിക്കുന്നുണ്ടെന്നും താരം പറഞ്ഞു. 2007ലെ ടി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും യുവരാജ് സിംഗായിരുന്നു ഇന്ത്യയുടെ ഹീറോ. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുക്കാൻ യുവരാജിനായിരുന്നു. ക്യാൻസറിനോട് പോലും മല്ലിട്ട് കളത്തിൽ ഗംഭീരപ്രകടനം കാഴ്ച വച്ച യുവിയായിരുന്നു 2011ലെ ടൂർണമെന്റിലെ താരം.